കല്ലാച്ചിയിലെ ജ്വല്ലറി മോഷണം: അന്വേഷണത്തിന് പ്രത്യേക സംഘം

നാദാപുരം: കല്ലാച്ചിയില്‍ ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുറന്ന് അരക്കോടി രൂപയുടെ ആഭരണങ്ങളും പണവും കവര്‍ന്ന സംഭവം പൊലീസിനെ ഞെട്ടിച്ചു. പന്ത്രണ്ടോളം കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ രാത്രിയും പകലുമെന്നില്ലാതെ തലങ്ങളും വിലങ്ങും ഓടുന്ന നാദാപുരം മേഖലയിലാണ് വന്‍ കവര്‍ച്ച നടന്നത്. രാത്രി പന്ത്രണ്ടരക്കാണ് കവര്‍ച്ച നടന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ ജില്ല പൊലീസ് മേധാവി സ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണ സംഘം രൂപവത്കരിക്കുകയും ചെയ്തു. എസ്.പിയുടെ മേല്‍നോട്ടത്തില്‍ നാദാപുരം ഡിവൈ.എസ്.പി ഇ. സുനില്‍കുമാറി​െൻറ നേതൃത്വത്തിലാണ് പത്തംഗ പ്രത്യേക സംഘം രൂപവത്കരിച്ചത്. കവര്‍ച്ച നടന്ന കടയില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാതിരുന്നത് മോഷ്ടാക്കള്‍ക്ക് ഗുണമാവുകയും പൊലീസിന് തിരിച്ചടിയാവുകയും ചെയ്തു. ജ്വല്ലറിക്ക് പിന്‍വശത്തെ ആരാധനാലയത്തില്‍ മാസങ്ങളായി ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ട്. ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നവരെ പറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവര്‍ച്ചക്കു പിന്നില്‍ ആസൂത്രണം നടന്നിട്ടുണ്ട്. അടുത്തിടെ ഇത്തരത്തില്‍ ഏതെങ്കിലും കേസുകളില്‍ ശിക്ഷയനുഭവിച്ചോ മേറ്റാ ആരെങ്കിലും ജയിലില്‍നിന്ന് പുറത്തിറങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുകയാണെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ജ്വല്ലറിയുടെ പരിസരത്ത് നിരവധി കെട്ടിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. സംഭവത്തിനുശേഷം ആരെങ്കിലും ഇവിടെനിന്ന് നാടുവിട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധനയിലുണ്ട്. വിരലടയാള വിദഗ്ധരുടെ പരിശോധനയില്‍ ആറോളം പ്രിൻറുകള്‍ കടക്കകത്തുനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. കവര്‍ച്ചക്കു പിന്നില്‍ ഒന്നു മുതല്‍ നാലുവരെ അംഗങ്ങളുള്ള സംഘങ്ങള്‍ ഉണ്ടാകുമെന്ന സൂചനയും പൊലീസ് നല്‍കുന്നുണ്ട്. മേഖലയിലെ കടകളില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ പൊലീസ് പരിശോധനക്കായി എടുത്തിട്ടുണ്ട്. വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാണിമേല്‍ ചേലേലക്കാവ് ക്ഷേത്രത്തില്‍ അഞ്ചോളം ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നിരുന്നു. ഈ കേസില്‍ വളയം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് നാദാപുരത്തും കവര്‍ച്ച നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.