ബേപ്പൂർ ബസ്​സ്​റ്റാൻഡ്​ ശൗചാലയം 'വെളിച്ചം' കാണുമോ?

ബേപ്പൂർ: ബേപ്പൂർ ബസ്സ്റ്റാൻഡിലെ ശൗചാലയം ഉദ്ഘാടനം കഴിഞ്ഞ് 13 വർഷം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാതെ ഇരുട്ടിൽ തപ്പുന്നു. നടത്തിപ്പുകാരായ കരാറുകാരൻ കോർപറേഷനിൽ നിരവധി തവണ പരാതിയുമായി സമീപിച്ചിട്ടും അധികൃതർക്ക് അനക്കമില്ല. മുമ്പ് പൂർത്തീകരിച്ച വയറിങ് ജോലികളെല്ലാം ഉപയോഗശൂന്യമായി. ഇനി പുതിയ വയറിങ് നടത്താൻ കോർപറേഷ​െൻറ അനുമതിക്കായി സമർപ്പിക്കണം. ഇതിനിടെ, ശൗചാലയത്തിൽ നവീകരണ പ്രവൃത്തികൾ രണ്ടുമാസംമുമ്പ് നടത്തി. ഉൾഭാഗത്തെ ചുമരും തറയും ടൈൽസ് പാകി പുതുതായി ചായംപൂശി പുതുമോടിയിലാക്കി. എന്നിട്ടും വൈദ്യുതിക്കുവേണ്ടി ജോലികൾ നടത്തി വെളിച്ചം ലഭിക്കാനുള്ള നടപടികൾക്ക് ഒരു നീക്കവും കോർപറേഷൻ നടത്തുന്നില്ല. ബസ്സ്റ്റാൻഡ് സമുച്ചയത്തിലെ കംഫർട്ട് സ്റ്റേഷനെ കൂടാതെ ആയുർവേദ ആശുപത്രി, ഐ.ടി.ഐ തുടങ്ങിയവയുടെ വൈദ്യുതീകരണത്തിനും പുതുതായി ഹൈമാസ്റ്റ് ലൈറ്റ്, സി.സി.ടി.വി കാമറ എന്നിവ സ്ഥാപിക്കുന്നതിനുമായി അഞ്ചു ലക്ഷം രൂപ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഈ വർഷാവസാനത്തോടെ വൈദ്യുതി ജോലികൾ പൂർത്തീകരിച്ച് കംഫർട്ട് സ്റ്റേഷന് കണക്ഷൻ ലഭിച്ചില്ലെങ്കിൽ വകയിരുത്തിയ തുക ലാപ്സാകുമെന്നും പുതിയ ഫണ്ട് വകയിരുത്താൻ ഇനിയുമേറെ സമയം കാത്തിരിക്കേണ്ടിവരുമെന്നും കൗൺസിലർ തോട്ടപ്പായിൽ അനിൽകുമാർ പറഞ്ഞു. കോർപറേഷനിൽ വൈദ്യുതി ജോലികൾ നടപ്പാക്കേണ്ട വിഭാഗത്തിൽ എൻജിനീയർമാർ ഇല്ലെന്നാണ് അധികൃതരുടെ സ്ഥിരം മറുപടി. വെളിച്ചമില്ലാത്ത കാരണത്താൽ നടത്തിപ്പുകാർ വൈകുന്നേരമാകുേമ്പാഴേക്ക് ശൗചാലയം അടച്ച് സ്ഥലം വിടും. 2004-05 വർഷത്തിൽ കേരള വികസന പദ്ധതിയായ 'സമ്പൂർണ ശുചിത്വയജ്ഞം- സാമൂഹിക ശുചിത്വ സമുച്ചയം' പദ്ധതിയിൽ ഉൾപ്പെടുത്തി ബേപ്പൂർ ഗ്രാമപഞ്ചായത്തിനു കീഴിൽ നിർമിച്ചതാണ് ബസ്സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.