കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ആധുനിക പ്രസവചികിത്സ സംവിധാനമൊരുക്കും

കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രസവചികിത്സ ആരംഭിക്കും. ആധുനിക മെറ്റേണിറ്റി ചൈൽഡ് വാർഡ് സംവിധാനവും ഒരുക്കാൻ തീരുമാനമായി. നിലവിലെ പുതിയ കെട്ടിടത്തിലേക്ക് എൻ.എച്ച്.എം മുഖേന ഇതിനായി രണ്ടു കോടി രൂപ അനുവദിച്ചു. ഈ പ്രവൃത്തികൾക്ക് കരാറായി. ഡിസംബർ ആദ്യവാരത്തോടെ പ്രവൃത്തി ആരംഭിക്കുമെന്ന് കരാർ ഏറ്റെടുത്ത എച്ച്.എൽ.എൽ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതു കൂടാതെ സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽനിന്ന് പ്രസവത്തിനും നവജാതശിശുക്കളുടെ ചികിത്സക്കുമായി പുതിയ ബ്ലോക്ക് നിർമിക്കാൻ 3.50 കോടി രൂപ വേറെയും അനുവദിച്ചിരുന്നു. എന്നാൽ, ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ സർക്കാറി​െൻറ പരിഗണനയിലുള്ളതിനാൽ പുതിയ കെട്ടിട നിർമാണം അനുവദനീയമല്ല. ഈ ഫണ്ടുകൂടി ഇപ്പോൾ കരാറായ എൻ.എച്ച്.എം ഫണ്ടിനൊപ്പം ചേർത്ത് 5.50 കോടി രൂപക്കുള്ള ഏറ്റവും ആധുനികവും സമ്പൂർണ ആശുപത്രി ഉപകരണങ്ങളടക്കമുള്ള ലേബർ റൂം, ഐ.സി.യു, ഒാപറേഷൻ തിയറ്ററുകൾ, വാർഡുകൾ എന്നിവ പ്രസവചികിത്സക്കും നവജാത ശിശുക്കളുടെ ചികിത്സക്കും ഒരുക്കും. ഭരണാനുമതി ഉത്തരവിൽ ഇതിനാവശ്യമായ തിരുത്തലുകൾ വരുത്തുന്നതിന് ഉതകുന്ന തരത്തിൽ അടിയന്തരമായി പുതുക്കിയ പ്ലാനും എസ്റ്റിമേറ്റും സമർപ്പിക്കാൻ ധാരണയായി. ആശുപത്രിയിലെ പുതിയ ബ്ലോക്കിലെ ഒന്നും രണ്ടും നിലകളിലാണ് സമ്പൂർണ എയർ കണ്ടീഷൻ സംവിധാനം നിലവിൽവരുന്നത്. ഇതുകൂടാതെ പുതിയ ഒമ്പതുനില കെട്ടിടത്തി​െൻറ മാസ്റ്റർ പ്ലാൻ അംഗീകാരത്തിനും ഭരണാനുമതിക്കുമായുള്ള നടപടികൾ ത്വരിതപ്പെടുത്താനും തീരുമാനിച്ചു. കെ. ദാസൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ. സത്യൻ, ആശുപത്രി സൂപ്രണ്ട് സച്ചിൻ ബാബു എന്നിവരും സംസ്ഥാന ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടർ ഡോ. വി.ആർ. രാജു, അസി. ഡയറക്ടർ ഡോ. വീണ സരോജിനി, ഡി.എം.ഒ ജയശ്രീ, ഡി.പി.എം ഡോ. നവീൻ, എച്ച്.എൽ.എൽ പ്രതിനിധി എന്നിവരടങ്ങുന്ന സംഘവും ചേർന്ന് ആശുപത്രി സന്ദർശിച്ചതിനുശേഷം നടന്ന യോഗത്തിലാണ് തീരുമാനങ്ങളായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.