വനമേഖലയിൽ ഉരുൾപൊട്ടി; കണ്ണപ്പൻകുണ്ടിൽ മലവെള്ളപ്പാച്ചിൽ

ഈങ്ങാപ്പുഴ (കോഴിക്കോട്): മട്ടിക്കുന്ന് വനമേഖലയിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും. മഴയോ കാർമേഘമോ ഇല്ലാതെ, തെളിഞ്ഞ അന്തരീക്ഷം നിലനിൽക്കെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ വലിയ ശബ്ദത്തിൽ മലവെള്ളം ഒഴുകിയെത്തിയത് കണ്ണപ്പൻകുണ്ട് നിവാസികളെ പരിഭ്രാന്തിയിലാക്കി. ആഗസ്റ്റ് ഒമ്പതിന് ഉണ്ടായ ഉരുൾപൊട്ടലി​െൻറ ഭീതിദ ഓർമ നിലനിൽക്കുന്ന കണ്ണപ്പൻകുണ്ട് മട്ടിക്കുന്ന് പ്രദേശവാസികൾ ചകിതരായി. വിവരമറിഞ്ഞ് താമരശ്ശേരി എസ്.ഐ സായുജി​െൻറ നേതൃത്വത്തിൽ പൊലീസും മുക്കത്തുനിന്ന് ഫയർഫോഴ്‌സും സ്ഥലത്തെത്തി. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ജലപ്രവാഹത്തി​െൻറ ശക്തി നാലരയോടെ കുറഞ്ഞപ്പോഴേക്കും ശക്തമായ മഴയുണ്ടായത് പ്രദേശവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തി. ആറുമണിയോടെ മഴ നിലച്ചെങ്കിലും മേഘാവൃതമായ അന്തരീക്ഷവും ശക്തമായ ഇടിമിന്നലും തുടർന്നു. കഴിഞ്ഞ ഉരുൾപൊട്ടലിനെ തുടർന്ന് 25 കുടുംബങ്ങളെ വാടക വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചിരുന്നു. അതിനാൽ ഇത്തവണ കാര്യമായ രക്ഷാപ്രവർത്തനം വേണ്ടിവന്നില്ല. വനത്തിൽ കനത്ത മഴ തുടരുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിരിക്കുകയാണ്. രാത്രിയിലും മഴ തുടരുകയാണെങ്കിൽ പുഴയുടെ ഇരു കരയിലുമുള്ളവർ മാറിത്താമസിക്കാൻ അധികൃതർ നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.