നിപ: ആശങ്കയൊഴിയാതെ ചെറുവണ്ണൂരും കൂരാച്ചുണ്ടും

പേരാമ്പ്ര: നിപ വൈറസ് ബാധയെ തുടർന്ന് ഒരാൾ വീതം മരിച്ച ചെറുവണ്ണൂർ പഞ്ചായത്തിലെ കണ്ടീതാഴെയും കൂരാച്ചുണ്ട് പഞ്ചായത്തിലെ വട്ടച്ചിറയിലും നാട്ടുകാർ ആശങ്കയിൽ. കണ്ടീതാഴെ ചെറിയപറമ്പിൽ ജാനകി (48) ആണ് മരിച്ചത്. വീട്ടമ്മക്ക് നിപ വൈറസ് പിടിപെട്ടത് പേരാമ്പ്ര താലൂക്കാശുപത്രിയിൽനിന്നാണ്. ഇവരുടെ ഭർതൃപിതാവ് അസുഖമായതിനെ തുടർന്ന് അവിടെ പ്രവേശിപ്പിച്ചിരുന്നു. അപ്പോൾ ഇവരായിരുന്നു അവിടെ കൂട്ടിരുന്നത്. ഇവരുടെ ബെഡിനു സമീപത്തായിരുന്നു സൂപ്പിക്കടയിൽനിന്ന് ആദ്യം മരിച്ച യുവാവ് ഉണ്ടായിരുന്നത്. ഭർതൃപിതാവ് നേരത്തെ ആശുപത്രിയിൽനിന്നുതന്നെ മരിച്ചിരുന്നു. അന്ന് വർധക്യ സഹജമായ രോഗത്താൽ മരിച്ചെന്നാണ് കരുതിയത്. എന്നാൽ, ഇദ്ദേഹത്തിന് നിപ ബാധിച്ചിരുന്നോ എന്ന സംശയം നാട്ടുകാർ പങ്കുവെക്കുന്നു. ഈ വീടി​െൻറ ചുറ്റുമുള്ള പത്തോളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിയിരിക്കുകയാണ്. പ്രദേശവാസികളുടെ ആശങ്കയകറ്റാൻ മെഡിക്കൽ ക്യാംപ് നടത്തിയിരുന്നു. കൂടാതെ മരിച്ചവരുടെ ബന്ധുക്കളുടെ രക്തസാമ്പിളും പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, മന്ത്രി ടി.പി. രാമകൃഷ്ണൻ എന്നിവർ ചെറുവണ്ണൂരിലെത്തി പ്രതിരോധ പ്രവർത്തനം വിലയിരുത്തിയിരുന്നു. കഴിഞ്ഞ വർഷം ഡെങ്കിപ്പനി സംഹാര താണ്ഡവമാടിയ കൂരാച്ചുണ്ടുകാരുടെ മനസ്സിൽ ഭീതിപടർത്തി നിപയും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശി രാജനാണ് (45) നിപ വൈറസ് ബാധയേറ്റ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ വർഷം 10 പേരുടെ ജീവനാണ് ഡെങ്കിപ്പനി കവർന്നത്. വട്ടച്ചിറ ഭാഗങ്ങളിലുൾപ്പെടെ ആരോഗ്യ പ്രവർത്തകർ ബോധവത്കരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.