ഗോകുൽജിത്തിന് ആധുനിക സൗകര്യമുള്ള ചക്രക്കസേരക്കായി നാടൊന്നിച്ചു

നാദാപുരം: ആവോലം സൗഹൃദ കൂട്ടായ്മയിലൂടെ ഗോകുൽജിത്തിന് ആധുനിക സൗകര്യമുള്ള ചക്രക്കസേര ലഭിച്ചു. ആവോലം പുളിയുള്ളതിൽ കുഞ്ഞിരാമ​െൻറ മകൻ ഗോകുൽജിത്ത് ഏഴാം ക്ലാസ് വരെ നടന്ന് സ്കൂളിൽ പോയിരുന്നെങ്കിലും പിന്നീട് ഇരുകാലുകൾക്കും ബലക്ഷയം അനുഭവപ്പെട്ടതോടെ സ്കൂൾ മുറ്റം വരെ ഓട്ടോറിക്ഷയിലാണ് പോയിരുന്നത്. പഠിത്തത്തിൽ മിടുക്കനായ ഗോകുൽ പത്താംതരം നല്ല മാർക്കോടെ പാസായി പ്ലസ് ടുവിന് ചേർന്നു. മകനെ സ്കൂളിൽ കൊണ്ടുവിടാനായി ഓട്ടോറിക്ഷയും ഏർപ്പാടാക്കിയിരുന്നു. ബി.എസ്.എൻ.എല്ലിലെ കരാർ ജീവനക്കാരനായ കുഞ്ഞിരാമന് ജോലി ഒഴിവാക്കി എല്ലാ ദിവസവും ഗോകുലിനെ സ്കൂളിൽ എത്തിക്കാനുള്ള പ്രയാസം കാരണം പഠിത്തം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഹ്രസ്വകാല കമ്പ്യൂട്ടർ കോഴ്സ് പൂർത്തിയാക്കിയ ഗോകുൽ വീട്ടിലിരുന്ന് കമ്പ്യൂട്ടർ ജോലികൾ ചെയ്തിരുന്നു. ഇതിനിടയിൽ പ്രവാസി വ്യവസായി ചക്രക്കസേര നൽകിയെങ്കിലും അത് തള്ളിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടായതോടെയാണ് ഇലക്ട്രോണിക് കസേരയെപ്പറ്റി ഗോകുൽ ചിന്തിച്ചത്. പിന്നീട് ഇലക്ട്രോണിക് കസേര സ്വന്തമാക്കാൻ വീട്ടിൽ വരുന്ന പിതാവി​െൻറ സുഹൃത്തുക്കളോട് പറയുകയുണ്ടായി. സുഹൃത്തുക്കൾ മുൻകൈയെടുത്താണ് സൗഹൃദ കൂട്ടായ്മ രണ്ടു ലക്ഷത്തോളം വിലവരുന്ന ഇലക്ട്രോണിക് ചക്രക്കസേര വാങ്ങിയത്. നാട്ടുകാരും പ്രവാസികളുമടങ്ങുന്ന സൗഹൃദ കൂട്ടായ്മയിൽ കസേര കിട്ടിയതോടെ വീട്ടിൽനിന്ന് പുറത്തിറങ്ങണമെന്ന ആഗ്രഹത്തിൽ ഞായറാഴ്ച ഉച്ചയോടെ പുറത്തിറങ്ങി. സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ചക്രക്കസേര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മത് ഗോകുലിന് കൈമാറി. വീട്ടിൽവെച്ച് നടന്ന ചടങ്ങിൽ വാർഡ് മെംബർ സുജിത പ്രമോദ് അധ്യക്ഷത വഹിച്ചു. ആവോലം രാധാകൃഷ്ണൻ, കളത്തിൽ മൊയ്തുഹാജി, കെ. ഹേമചന്ദ്രൻ, അനു പാട്യം, പ്രഭാകരൻ അനാമിക, നന്തോത്ത് ദാമോദരൻ, എ.കെ. സുകുമാരൻ, സി.കെ. ദാമു, എം.കെ. ജോഷി, കുറ്റിയിൽ സജീവൻ എന്നിവർ സംസാരിച്ചു. ഗോകുലി​െൻറ ചക്രക്കസേര കൊണ്ടുപോകാൻ പാകത്തിൽ വീടി​െൻറ മുൻഭാഗത്തെ റോഡ് ടാർ ചെയ്യാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് റോഡ് കോൺക്രീറ്റ് ചെയ്തുതരാമെന്ന് പ്രസിഡൻറ് വേദിയിൽ ഉറപ്പ് നൽകുകയുമുണ്ടായി. സ്വയംതൊഴിൽ എന്ന നിലക്ക് ഡി.ടി.പി സ​െൻറർ തുടങ്ങണമെന്ന ആഗ്രഹവും ഗോകുലിനുണ്ട്. ഇതിന് കമ്പ്യൂട്ടറും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ ആര് സഹായിക്കുമെന്ന ചിന്തയിലാണ് 21കാരനായ ഗോകുൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.