ജലം, ജീവിതം

നാശത്തിലേക്കൊഴുകി കിഴക്കോത്തെ മാതൃക തോട് കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ചെറ്റക്കടവ്-ആവിലോറ-നെല്ലാംങ്കണ്ടി തോട് സംരക്ഷിക്കാൻ നടപടിയില്ലാതെ നാശത്തി​െൻറ വക്കിൽ. വേനൽക്കാലത്ത് കാർഷിക ആവശ്യത്തിനും, കുടിവെള്ള പ്രശ്നം പരിഹരിക്കാനും ഏറെ ഉപകരിച്ചിരുന്ന ജലസ്രോതസ്സ് ഗ്രാമപഞ്ചായത്ത് മാതൃക തോടായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ എട്ട് വാർഡുകളിലൂടെ എട്ട് കി.മീറ്റർ ദൂരം നീളത്തിലൂടെ ഒഴുകി പുനൂർ പുഴയുടെ നെല്ലാംങ്കണ്ടി കടവിൽ ചേരുന്നതാണ് തോട്. തോട് മാലിന്യകേന്ദ്രമായതും സംരക്ഷണ ഭിത്തികൾ പലഭാഗത്തും ഇടിഞ്ഞതുമാണ് ദുരിതമായത്. ജലസേചന ആവശ്യങ്ങൾക്കായി തോടി​െൻറ പല ഭാഗങ്ങളിലും നിർമിച്ച തടയണകളും തകർന്ന നിലയിലാണ്. വീടുകളിൽ നിന്നടക്കമുള്ള മാലിന്യം തോട്ടിൽ കുമിഞ്ഞ് കൂടിയതിനാൽ ആളുകൾക്ക് അലക്കാനോ, കുളിക്കാനോ കഴിയുന്നില്ല. തോട് വറ്റിയത് പ്രേദശത്ത് കുടിവെള്ള ക്ഷാമത്തിനും ഇടയായിട്ടുണ്ട്. പല ഭാഗങ്ങളിലും ചെളി നിറഞ്ഞ് ഇറങ്ങാൻ പറ്റാത്ത നിലയിലുമാണ്. തോടി​െൻറ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ ഉണ്ടാവണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്. തോട് സംരക്ഷണത്തിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ പറഞ്ഞു. ഭിത്തി നിർമാണം, മണ്ണ് നീക്കം ചെയ്യൽ, അരികുകൾ കൈതച്ചെടികൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് നടത്തുക. കിണർ റീചാർജിങ് കുടിനീരിനായുള്ള കരുതൽ തിരുവമ്പാടി: നന്നായി മഴ ലഭിക്കുന്ന കേരളത്തിലെ കുടിവെള്ള ക്ഷാമത്തി​െൻറ പ്രധാന കാരണം ജലം പാഴാക്കുന്നതാണെന്ന് തീർച്ച. ഈ തിരിച്ചറിവാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ പദ്ധതികളിൽ കിണർ റീചാർജിങ് പ്രധാന്യത്തോടെ ഉൾപ്പെടുത്താൻ കാരണം. മലയോര മേഖലയിലെ കിണറുകളിൽ റീചാർജിങ് സംവിധാനമുണ്ടാക്കാനായി നിരവധി ആളുകൾ മുന്നോട്ടുവരുന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച കിണർ റീചാർജിങ് പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വീട്ടിൽ കിണർ റീചാർജിങ് സംവിധാനമൊരുക്കാൻ 8,000 രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് കണക്കാക്കിയത്. 6000 രൂപ ബ്ലോക്ക് പഞ്ചായത്ത് സബ്സിഡിയായി നൽകും. കൃഷിഭവനുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ ഈ വർഷം ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്ത് ജലസംരക്ഷണത്തിനായി കിണർ റീചാർജിങ് പദ്ധതി ആവിഷ്കരിച്ചത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നൂറോളം ഗുണഭോക്താക്കളാണ് തങ്ങളുടെ വീടുകളിൽ കിണർ റീചാർജിങ് ഒരുക്കാൻ രജിസ്റ്റർ ചെയ്തത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ 30 വീടുകളിൽ കിണർ റീചാർജിങ് സംവിധാനം ഒരുക്കും. കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ 35 വീടുകളിൽ കിണർ റീചാർജിങ് പ്രവർത്തനക്ഷമമായിട്ടുണ്ട്. കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ വഴിയല്ലാതെ തന്നെ നിരവധി വീടുകളിൽ കിണർ റീചാർജിങ് സംവിധാനങ്ങൾ നിർമിച്ചിട്ടുണ്ട്. കിണർ റീചാർജിങ് സംവിധാനങ്ങളുടെ നിർമിതിയിൽ വിദഗ്ധനാണ് കോടഞ്ചേരി കണ്ണോത്ത് ചൂരമുണ്ട ഉഴുന്നേൽ ഷമീർ ബാബു. രണ്ട് വർഷത്തിനിടെ 300 വീടുകളിൽ കിണർ റീചാർജിങ് ഒരുക്കിയതായി അദ്ദേഹം പറയുന്നു. റീചാർജിങ് നിർമാണത്തിനായി കോടഞ്ചേരി കൃഷിഭവൻ ഷമീർ ബാബുവിനെ നിർദേശിക്കാറുണ്ട്. 500 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കിലേക്കാണ് വീടി​െൻറ ടെറസിൽനിന്ന് മഴവെള്ളം ശേഖരിക്കുന്നത്. ടാങ്കിനടിയിൽ 40 കിലോ മരക്കരി നിക്ഷേപിക്കും. അതിനുമുകളിൽ പുഴമണൽ വിതറും. മുകളിൽ മൂന്ന് പാളികളായി നൈലോൺ വലകൾ വിരിക്കും. ഇങ്ങനെയാണ് ടാങ്കിലെ വെള്ളം ശുചീകരിക്കുന്നത്. വേനൽ മഴ നന്നായി ലഭിക്കുന്ന മലയോര മേഖലയിൽ കിണർ റീചാർജിങ് ഏറെ പ്രയോജനകരമാണെന്ന് കോടഞ്ചേരി കൃഷി ഓഫിസർ കെ.എ. ഷബീർ അഹമ്മദ്, കൃഷി അസിസ്റ്റൻറ് മിഷേൽ ജോർജ് എന്നിവർ പറഞ്ഞു. 10 മുതൽ 20 സ​െൻറ് വരെ മാത്രമുള്ള പുരയിടങ്ങളിലെല്ലാം കിണർ റിചാർജിങ് ഒരുക്കിയാൽ ആ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാമെന്നും ഇവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.