സ്​ത്രീപക്ഷ ബജറ്റുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്

സ്ത്രീപക്ഷ ബജറ്റുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കോഴിക്കോട്: വനിതകൾക്കുള്ള പദ്ധതികൾക്ക് മുൻഗണന നൽകി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 13,13,99,000 കോടി രൂപ വരവും 13,09,09,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ചബജറ്റാണ് വൈസ് പ്രസിഡൻറ് എ.പി. ഹസീന അവതരിപ്പിച്ചത്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും മാനസികവുമായ വികസനം ലക്ഷ്യമിടുന്ന സമത പദ്ധതിയുൾപ്പെടെ വനിതക്ഷേമ പദ്ധതികൾക്കായി പദ്ധതി വിഹിതത്തി​െൻറ 20 ശതമാനം മാറ്റിവെക്കാൻ തീരുമാനിച്ചു. സർക്കാർ 10 ശതമാനം വനിത ഘടകപദ്ധതികൾക്കായി നീക്കിവെക്കണമെന്നാണ് നിർദേശിച്ചത്. നവകേരള മിഷ​െൻറ ഭാഗമായുള്ള ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ് മിഷൻ, ആർദ്രം മിഷൻ എന്നിവക്ക് ബജറ്റ് മുഖ്യ പരിഗണന നൽകുന്നു. ലൈഫ് മിഷനുവേണ്ടി ഒരു കോടി അറുപത് ലക്ഷം പ്രതീക്ഷിക്കുന്നു. ജൈവവൈവിധ്യ ബ്ലോക്ക് എന്ന ലക്ഷ്യം ബജറ്റ് വർഷത്തിൽ പൂർത്തീകരിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. കടലി​െൻറ മക്കളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന സുവർണതീരം പദ്ധതിക്ക് പത്തു ലക്ഷം നീക്കിവെച്ചിട്ടുണ്ട്. പാലുൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും ശുദ്ധമായ പശുവിൻപാൽ വിതരണം ചെയ്യുന്നതിനും വേണ്ടി നറുംപാൽ പദ്ധതിയും സാമൂഹിക കന്നുകാലി പരിപാലന കേന്ദ്രവും െഡയറി ഫാമും തുടങ്ങി ക്ഷീരവികസന മേഖലയിൽ പുതു കാൽവെപ്പുകൾ നടത്തുന്നു. യുവജനങ്ങൾക്കും വിദ്യാർഥികൾക്കുമായി യുവ, ഇന്നവേറ്റിവ് ഹബ് എന്നീ നൂതന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ടൂറിസം മേഖലയിൽ ജലായനം പദ്ധതി ആവിഷ്കരിച്ചു. പരമ്പരാഗത തൊഴിൽ മേഖലയായ കയർ വ്യവസായം സംരക്ഷിക്കാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഹരിതഭവനം, നീർത്തട വികസനം എന്നിവ ഉൾപ്പെടെ കാർഷിക വികസന രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ ലക്ഷ്യമിടുന്നു. ജില്ല ആസൂത്രണ സമിതി അംഗീകരിച്ച പദ്ധതിരേഖ ബജറ്റിൽ ഉൾപ്പെടുത്തിയതോടെ ബജറ്റും പദ്ധതിയും ഒന്നാക്കിമാറ്റാനുള്ള സർക്കാർ നിർദേശം നടപ്പാക്കിയാണ് ബജറ്റ് തയാറാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. കൃഷ്ണകുമാരി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.