ഫാറൂഖ് കോളേജിലെ സംഘർഷം: മൂന്ന് അധ്യാപകര്‍ക്കെതിരെയും ജിവനക്കാരനെതിരെയും കേസ്​

ഫാറൂഖ് കോളജിലെ സംഘർഷം: മൂന്ന് അധ്യാപകര്‍ക്കെതിരെയും ജീവനക്കാരനെതിരെയും കേസ് * ജീവനക്കാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിന് വിദ്യാർഥിക്കെതിരെയും കേസെടുത്തു ഫറോക്ക്: ഫാറൂഖ് കോളജില്‍ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും തമ്മിൽ നടന്ന സംഘർഷത്തിൽ വിദ്യാർഥികളെ മര്‍ദിച്ചെന്ന പരാതിയിൽ മൂന്ന് അധ്യാപകര്‍ക്കെതിരെയും ഒരു ജീവനക്കാരനെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കോമേഴ്സ് വിഭാഗം അധ്യാപകനായ നിഷാദ്, അറബിക് വിഭാഗം അധ്യാപകരായ സാജിദ്, യൂനസ് എന്നിവര്‍ക്കെതിരെയും ജീവനക്കാരനായ ലാബ് അസിസ്റ്റൻറ് ഇബ്രാഹിംകുട്ടിക്കെതിരെയുമാണ് ഫറോക്ക് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന മറ്റു പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘംചേരുക, കലാപത്തിന് നേതൃത്വം നല്‍കുക, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ലാബ് അസിസ്റ്റൻറ് ഇബ്രാഹിംകുട്ടിയെ കാര്‍ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിന് കാർ ഓടിച്ച വിദ്യാര്‍ഥിക്കെതിരെയും പൊലീസ് കേസെടുത്തു. കാമ്പസില്‍ ഹോളി ആഘോഷിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകീട്ടുവരെ പ്രതിഷേധസമരത്തിലായിരുന്നു. തുടര്‍ന്ന് നടന്ന മാരത്തണ്‍ ചര്‍ച്ചയിലാണ് സംഭവം അന്വേഷിക്കാന്‍ കോളജ് മലയാളം വിഭാഗം മേധാവി ഡോ. കെ.എം. നസീറി​െൻറ നേതൃത്വത്തില്‍ അന്വേഷണ കമീഷനെ നിയോഗിച്ചത്. എന്നാല്‍, അന്വേഷണസമിതിയില്‍ വിദ്യാര്‍ഥി പ്രതിനിധിയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഓഫിസ് ഉപരോധിച്ചിരുന്നു. ചെറുവണ്ണൂര്‍ സി.ഐ ഇടപെട്ടാണ് വിദ്യാര്‍ഥി പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അധ്യാപകരുടെ മർദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ കണ്ണിന് പരിക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.