നിപ പൂർണ നിയന്ത്രണത്തിൽ; ഭേദമായവർ ഇന്നു മുതൽ ആശുപത്രി വിടും

---ജൂൺ അവസാനം വരെ നിരീക്ഷണം ---സ്കൂളുകൾ നാളെ തുറക്കും ---അതിജാഗ്രതയിൽ അയവ് -സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്ത് 17 പേരുടെ ജീവൻ അപഹരിച്ച് ഭീതി പരത്തിയ നിപ വൈറസ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗം ഭേദമായ അജന്യ, ഉബീഷ് എന്നിവർ ഉടൻ ആശുപത്രി വിടും. നിപയുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൊയിലാണ്ടി സ്വദേശിനിയായ നഴ്സിങ് വിദ്യാർഥി അജന്യ തിങ്കളാഴ്ചയും മലപ്പുറം സ്വദേശി ഉബീഷ് വ്യാഴാഴ്ചയുമാണ് ആശുപത്രി വിടുക. വൈറസ് വ്യാപനം ഇല്ലാതായെങ്കിലും ജാഗ്രത തുടരും. അവസാനം രോഗം വന്ന ആളിൽനിന്ന് പടരുന്നുണ്ടോ എന്നറിയാൻ 21 ദിവസമാണ് കാത്തിരിക്കേണ്ടത്. എങ്കിലും ഇരട്ടിദിവസം കണക്കാക്കി ജൂൺ അവസാനം വരെ നിരീക്ഷണം തുടരും. ഇതുവരെ 317 പേർക്ക് നിപ നെഗറ്റിവും 18 പേർക്ക് പോസിറ്റിവുമായിരുന്നു പരിശോധന ഫലം. ആദ്യം മരിച്ച സാബിത്തിന് നിപ പരിശോധന നടത്തിയിരുന്നില്ല. പോസിറ്റിവായതിൽ രണ്ടു േപരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. ഇനിയുള്ള ഫലവും നെഗറ്റിവാകുമെന്നാണ് പ്രതീക്ഷ. 2,649 പേർ നിരീക്ഷണത്തിലുള്ളതിൽ ആദ്യ രോഗിയുമായി ഇടപെട്ടവരെ ഒഴിവാക്കിയപ്പോൾ 1,430 പേർ അവശേഷിക്കുന്നു. ജൂൺ 12 ആകുേമ്പാഴേക്കും ഇത് 892 ആകും. അതിജാഗ്രത നിർദേശത്തിൽ അയവുവരുത്തും. സ്കൂളുകൾ ജൂൺ 12നുതന്നെ തുറക്കും. മേയ് 18 മുതൽ കോഴിക്കോട് ഗസ്റ്റ്ഹൗസിലുള്ള നിപ സെൽ പ്രവർത്തനം ജൂൺ 15ഒാടെ അവസാനിപ്പിക്കും. എന്നാൽ ജില്ല കലക്ടർ, ഡി.എം.ഒ, മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരുടെ മേൽനോട്ടത്തിൽ തുടർപ്രവർത്തനങ്ങൾക്ക് സിവിൽ സ്റ്റേഷനിൽ സംവിധാനമുണ്ടാകും. പൊതുപരിപാടികൾക്കുള്ള നിയന്ത്രണം ചൊവ്വാഴ്ച അവസാനിക്കും. എങ്കിലും സ്വയം നിയന്ത്രണം ജൂൺ അവസാനംവരെ തുടരുന്നതാണ് ഉചിതമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ബി.എസ്.എൽ-മൂന്ന് ഇനത്തിൽ വൈറോളജി ലാബ് തുടങ്ങും. ആലപ്പുഴയിൽ ൈവറോളി ലാബും തിരുവനന്തപുരത്ത് ഗവേഷണ കേന്ദ്രവും യാഥാർഥ്യമാക്കും. വൈറസ് ഉറവിടം തേടിയുള്ള അന്വേഷണം വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരും. മുഖ്യമന്ത്രിയുടെ കീഴിലുള്ള സമിതിയാണ് ഇത് ഏകോപിപ്പിക്കുക. നിപയുമായി ബന്ധപ്പെട്ട് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ബാങ്ക് വഴി കൈമാറുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.