തെരുവുനായ്​ കടിച്ചുകീറിയത് 15പേരെ; ഭീതി ഒഴിയാതെ ഫറോക്ക് നിവാസികൾ

ഫറോക്ക്: ശനിയാഴ്ച ഫറോക്കിൽ ഭീതിവിതച്ച് തെരുവുനായുടെ വിളയാട്ടം. പത്തോളം പ്രദേശങ്ങളിൽ ആശങ്കയൊഴിയാതെ നാട്ടുകാർ. കഷായപ്പടി, സ്രാങ്ക്പടി, നല്ലൂർ, പുറ്റെക്കാട്ട്, പെരുമുഖം, ചന്തക്കടവ്, ചുങ്കം, കള്ളിത്തൊടി, എട്ടേനാല്, കുന്നത്ത് മോട്ട, അയ്യംമ്പാക്കി എന്നി പ്രദേശങ്ങളിൽ നിരവധി പേർക്ക് നായുടെ ആക്രമണം നേരിടേണ്ടിവന്നു. ഒട്ടേറെ പേർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പലരുടെയും വസ്ത്രങ്ങൾ കടിച്ചുകീറിയാണ് നായ കലി തീർത്തത്. പലർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വലിയ തോതിൽ മുറിവുപറ്റിയ എട്ടുപേർക്ക് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ആഴത്തിൽ മുറിവേറ്റ മൂന്നുപേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് നായുടെ ആക്രമണമുണ്ടായത്. നല്ലൂർ സ്വദേശികളായ നൻമണി പറമ്പ് മോഹൻദാസ് (52), പൂവാട്ടുതറ സഫീർ (12), തുമ്പപ്പാടം സ്വദേശി നെച്ചി കുറ്റിപാടം റഷീദ് ബാബു (47), പെരുമുഖം സ്വദേശി ബാബുരാജൻ (57), പട്ടാഞ്ചേരി ഹൈറുന്നീസ (38), ഫറോക്ക് വിഷാൽ കോട്ടേജിൽ നമ്പിയോളി ബിനിത്ത് (33), നാരങ്ങാവിൽ ഹർഷാദ് (13) എന്നിവർക്കാണ് കടിയേറ്റത്. ഇതരസംസ്ഥാന തൊഴിലാളികൾക്കും നായുടെ ആക്രമണത്തിൽ നിസാര പരിക്കുണ്ട്. മദ്റസ വിട്ടുവരുന്ന വിദ്യാർഥികൾക്കും ജോലിക്കും മറ്റുമായി പോകുന്നവരെയും നായ് കടിച്ചു. വിവിധ പ്രദേശങ്ങളിൽ നാട്ടുകാർ സംഘടിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഒരേ നായാണ് ഇതെന്ന് കരുതുന്നു. തൊട്ടടുത്തുള്ള പ്രദേശങ്ങളിലാണ് അക്രമണമുണ്ടായത്. നിരവധിപേർ ഓടിമാറിയത് കൊണ്ടാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.