ചെങ്ങോടുമല ഖനനത്തിനെതിരെ കവി വീരാൻകുട്ടിയും

പേരാമ്പ്ര: കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ സാഹിത്യകാരൻ ടി.പി. രാജീവനെ കൂടാതെ കവി വീരാൻകുട്ടിയും രംഗത്ത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഖനനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ടി.പി. രാജീവനെ പോലെ തന്നെ വീരാൻകുട്ടിയുെടയും തറവാട് വീട് ചെങ്ങോടുമലയുടെ താഴ്‌വരയിലാണ്. ചെറുപ്പകാലത്ത് ഈ മല കണികണ്ട് ഉണർന്നിരുന്ന കവിയുടെ രചനകളിൽ ചെങ്ങോടുമലക്ക് പ്രധാന സ്ഥാനമുണ്ട്. വീരാൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത് 'ചെങ്ങോടുമല കാണാന്‍ വരുന്നോ? വേഗം വേണം, നാളെ ആ മല അവിടെ ഉണ്ടാവില്ല'എന്നു പറഞ്ഞാണ്. നരയംകുളത്തി​െൻറ 'മൂന്നാര്‍'‍ എന്നാണ് ചെങ്ങോടുമലയെ കവി വിശേഷിപ്പിച്ചത്. ഖനന വിഷയത്തിൽ മൗനം പാലിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്ന കവി ചെങ്ങോടുമലയുടെ സൗന്ദര്യം വർണിക്കുന്നുമുണ്ട്. ''ഭരണത്തിലും പ്രതിപക്ഷത്തും ഉദ്യോഗസ്ഥ തലത്തിലും വൻപിടിപാടുണ്ടെന്ന് കരുതപ്പെടുന്ന ഖനനസംഘം മലയുടെ ഹൃദയഭാഗത്തെ 100 ഏക്കറോളം ഭൂമി കൈവശപ്പെടുത്തി ഖനനം തുടങ്ങുകയാണ്. ഇടതെന്നോ വലതെന്നോ ഇല്ലാതെ എല്ലാ പ്രസ്ഥാനങ്ങളും മൗനത്തിലാണ്. അവരെയൊക്കെ സംഘം കീശയിലാക്കിക്കഴിഞ്ഞു എന്നാണറിവെന്നും വീരാൻകുട്ടി വിമർശിച്ചു. എതിർപ്പുമായി വരുന്ന വ്യക്തികളെ സഹായവും ജോലിയും വാഗ്ദാനം ചെയ്തു നാവടപ്പിക്കുകയാണത്രേ. ചെങ്ങോടുമല ഇല്ലാതായാൽ ഇല്ലാതാവുന്നത് ഒരു ഗ്രാമം മുഴുവനുമാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാഫിയകളും ചേര്‍ന്ന് കേരളത്തെ ഇങ്ങനെ ഇല്ലാതാക്കുന്നതു കാണാൻ എന്തുരസമാണല്ലേ...?''എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.