ഒരു നിശ്ചയവുമില്ല, സമരത്തിനും സർക്കാറിനും

സംസ്ഥാനത്ത് സ്വകാര്യബസുകൾ നടത്തുന്ന സമരം അഞ്ചാം നാളിലേക്കു കടന്നു. രാപ്പകൽ ജനങ്ങൾ നടുറോഡിൽ വാഹനങ്ങൾ പിടിക്കാൻ നെേട്ടാട്ടമോടി നടുവൊടിയുേമ്പാൾ, ഹയർ സെക്കൻഡറിക്കാരുടെ മാതൃക പരീക്ഷയടക്കമുള്ള പരീക്ഷകൾക്ക് എത്താൻ കഴിയാതെ കുട്ടികൾ വട്ടംകറങ്ങുേമ്പാൾ, കലാലയങ്ങൾ ക്ലാസുകൾ പലതും മുടങ്ങുേമ്പാൾ, ജനജീവിതം വഴിമുട്ടി നിൽക്കുേമ്പാൾ വല്ലതും ചെയ്യേണ്ട ഭരണകൂടം കണ്ടില്ല, കേട്ടില്ല എന്ന മട്ടിൽ നിസ്സംഗമായിരിക്കുകയാണ്. അടുത്ത മാസം ഒന്നു മുതൽ ബസ് ചാർജ് വർധിക്കുന്നതോടെ കുടുംബബജറ്റിൽ വരുന്ന വ്യതിയാനങ്ങളെ എങ്ങനെ അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകും എന്നു മിഴിച്ചിരിക്കുന്ന പൊതുജനത്തിനു മുകളിലേക്കാണ് ചാർജ് വർധനയും കൊണ്ടുപോയ ബസുടമകൾ അനിശ്ചിതകാല സമരം എന്ന ഇടിത്തീ വീഴ്ത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 13,000ത്തോളം സ്വകാര്യബസുകളെ ആശ്രയിച്ചു നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരെ അക്ഷരാർഥത്തിൽ വഴിയാധാരമാക്കിയിരിക്കുന്ന ഇൗ ജനദ്രോഹത്തെ നേരിടുന്നതിൽ എല്ലാം ശരിയാക്കാനുറച്ച് ഭരണത്തിലേറിയ സർക്കാർ അറച്ചുനിൽക്കുകയാണ്. ബസ് മുതലാളിമാരുടെ പ്രശ്നം പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ റിേപ്പാർട്ട് സ്വീകരിച്ച്, ഇന്ധനവിലയും മറ്റു വിലവർധനകളുമൊക്കെ ന്യായമായി നിരത്തി അവർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ചാർജ് വർധനയിലൂടെ പരിഹാരവും കണ്ടു; ഇനിയാര് എന്തിനു സമരം ചെയ്യണം എന്നാണ് സർക്കാറി​െൻറ മട്ട്. സമരത്തി​െൻറ യുക്തി പൊതുജനത്തിനു മാത്രമല്ല, സർക്കാറിനും ബോധ്യമായിട്ടില്ലത്രെ. എന്നാൽപിന്നെ േബാധ്യപ്പെടാത്തൊരു സമരത്തിന് ഇറങ്ങിത്തിരിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണം? അതിനുമില്ല സർക്കാറിനൊരു നിശ്ചയവുമെന്നാണ് ഇത്രയും നാളിലെ നിസ്സംഗത തെളിയിക്കുന്നത്. ചോദിച്ചതു കൊടുത്തതിനാൽ ബസുടമകളോട് ഇനി അങ്ങോട്ട് ചർച്ചയില്ലെന്നും വേണമെങ്കിൽ ഇങ്ങോട്ടു വന്നോെട്ട എന്നുമാണ് ഗവൺമ​െൻറ് നിലപാട്. ഇങ്ങനെ ഞായറാഴ്ച ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി ബസുടമകൾ നടത്തിയ ചർച്ച എങ്ങുമെത്താതെ പിരിയുകയായിരുന്നു. ഇനി ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കാണാനിരിക്കുകയാണവർ. അതിനുശേഷമേ കാര്യങ്ങൾ എവിടെയെത്തൂ എന്നറിയാനാവൂ. അതുവരെ ഇരുകൂട്ടരുടെയും പിടിവാശിയുടെ ദുരിതം മുഴുവൻ ജനങ്ങൾ അനുഭവിച്ചുതന്നെ തീർക്കണം. എന്തിനാണ് സമരം ചെയ്യുന്നത് എന്നതിനെച്ചൊല്ലി ബസുടമകൾക്കുതന്നെ തീർച്ചയില്ല. ചാർജ് വർധന മതിയാവില്ലെന്നു പറഞ്ഞായിരുന്നു സമരപ്രഖ്യാപനം. എന്നാൽപിന്നെ അത് വിദ്യാർഥികളുടെ ചാർജ് നിരക്കിൽ വർധനയില്ലാത്തതിനെ ചൊല്ലിയാണെന്നായി. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞതി​െൻറ കാരണം അതാണെന്നായിരുന്നു വാർത്ത. ഇപ്പോൾ ബസുടമകൾ പറയുന്നത്, സമരം ചാർജ് വർധനക്കല്ലെന്നും ബസ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയുക്തമായ ജസ്റ്റിസ് എം. രാമചന്ദ്ര​െൻറ റിപ്പോർട്ടിലെ ശിപാർശകൾ അംഗീകരിച്ചു കിട്ടാനാണെന്നുമാണ്. എന്താണീ ശിപാർശ? ജസ്റ്റിസ് രാമചന്ദ്രൻ ചെയർമാനായ ബസ് ചാർജ് നിരക്ക് പരിഷ്കരണ സമിതി 2010 മുതൽ ചാർജ് വർധനയാണ് ബസുടമകളുടെ പ്രശ്നങ്ങൾക്കു കാണുന്ന ഏക പരിഹാരം. ബസ് ചാർജ് വർധനയുടെ ഭാരം ജനങ്ങളുടെ മുതുകിൽ കയറ്റിവെക്കുന്നതിനു പകരം പല ബദൽ നിർദേശങ്ങളും വിവിധ ജനകീയസമിതികൾ രാമചന്ദ്രൻ കമ്മിറ്റിയുടെ തെളിവെടുപ്പുകളിൽ സമർപ്പിച്ചിരുന്നെങ്കിലും അതൊന്നും ചെവിക്കൊണ്ടില്ല. ചാർജ് വർധന തുടങ്ങിയ കാലം തൊട്ടുയരുന്ന ആവശ്യമാണ് ഫെയർസ്റ്റേജ് ക്രമീകരണത്തിലെ അപാകതകൾ. മാറിമാറി വരുന്ന സർക്കാറുകൾ ബസുടമകളുടെ സമ്മർദത്തിനു വഴങ്ങി യാത്രനിരക്കു കൂട്ടുകയല്ലാതെ സ്റ്റേജ് നിർണയത്തിലെ അപാകതകളിൽ തൊടാൻ പോയില്ല. ഇേപ്പാഴും പലയിടങ്ങളിലും ഒരേ ദൂരം യാത്രയിൽതന്നെ മറിച്ചു യാത്രയിൽ ചാർജ് കൂടുന്ന അന്യായമായ അപാകതകൾ നിലനിൽക്കുന്നു. ആയിരക്കണക്കിനു രൂപയാണ് ദിനംപ്രതി സഞ്ചരിക്കാത്ത ദൂരത്തിനുള്ള കാശ് ജനത്തി​െൻറ കീശയിൽനിന്ന് ബസുടമകൾ ചോർത്തിയെടുക്കുന്നത്. ഫെയർസ്റ്റേജിലെ അപാകത പരിഹരിക്കാതെ ചാർജ് വർധിപ്പിക്കരുതെന്ന് ഹൈകോടതി നിർദേശം നൽകിയതാണ്. ആ ഉത്തരവ് 'അനുസരിക്കാൻ' കമ്മിറ്റി കെണ്ടത്തിയ എളുപ്പവഴി ഇങ്ങനെ ഒരു അപാകത നിലവിലില്ലെന്ന് രേഖപ്പെടുത്തുകയാണ്. ജനങ്ങൾ നേർക്കുനേർ നേരിടുന്ന പ്രശ്നമാണ് കണ്ണിറുക്കിയടച്ച് ഇല്ലെന്ന് കമ്മിറ്റി റിപ്പോർട്ട് നൽകുന്നത്. ഇൗ റിപ്പോർട്ടിൽ ഇനി വിദ്യാർഥികളുടെ നിരക്കിലെ ചില്ലറ വിഷയങ്ങൾ മാത്രേമ പരിഹരിക്കാനുള്ളൂ. ഇതിൽ സർക്കാറിനെ സമ്മർദത്തിലാക്കുകയാണ് ബസുടമകളുടെ തന്ത്രം. അതിനുനേരെ ഒന്നും മിണ്ടാതെ, മിനക്കെടാതെ മിഴിച്ചിരിക്കുകയാണ് പിണറായി സർക്കാർ. ചാർജ് വർധിപ്പിക്കുംതോറും സ്വകാര്യബസുകളും അതി​െൻറ ചുവടൊപ്പിച്ചു മാറ്റുന്ന കെ.എസ്.ആർ.ടി.സിയും സ്വന്തം കുഴി തോണ്ടുകയാണെന്നതാണ് വാസ്തവം. സംസ്ഥാനത്തെ ബസ് യാത്രക്കാരുടെ എണ്ണം ഒാരോ ചാർജ് വർധനയിലും കുറഞ്ഞേ വരുകയാണ്. ഒാരോ വർധനയും ആളുകളെ പൊതുഗതാഗത രീതികളിൽനിന്ന് അകറ്റുകയും സ്വകാര്യവാഹനങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നതാണ് കാരണം. മാർച്ച് ഒന്നിനു പുതിയ നിരക്ക് നിലവിൽവരുന്നതോടെ കെ.എസ്.ആർ.ടി.സി, സ്വകാര്യബസ് യാത്രികരുടെ അനുപാതം ഇനിയും ഇടിയും. അപ്പോൾ നിരക്കു വർധനയെക്കാൾ മോേട്ടാർ വാഹനനികുതി ഇളവ്, സ്പെയർ പാർട്സിന് സബ്സിഡി തുടങ്ങിയ വിവിധ ആനുകൂല്യങ്ങളിലൂടെ വിലവർധനവി​െൻറ പ്രശ്നങ്ങൾ മറികടക്കാനുള്ള മാർഗമാണ് ആരായേണ്ടിയിരുന്നത്. എന്നാൽ, എന്തിനും ഏതിനും നികുതിയും സേവനനിരക്കുമൊക്കെ വർധിപ്പിച്ച് ജനത്തിനു മേൽ ഭാരം കെട്ടിയേൽപിച്ച് ചുമലൊഴിയുന്ന രീതിയാണ് ഇപ്പോൾ കേരള സർക്കാർ ചെയ്തുവരുന്നത്. അങ്ങെന ചാർജ് വർധിപ്പിച്ച് ഞെരുക്കിയതും പോരാ, അതിനു മീതെ അന്യായമായൊരു സമരംകൂടി കെട്ടിയേൽപിച്ച് ജനത്തിനു ഇരട്ടശിക്ഷ വിധിച്ചിരിക്കുകയാണിപ്പോൾ. ജനത്തെ ദുരിതം തീറ്റിച്ചു അഞ്ചാം നാളിലും തുടരുന്ന ഇൗ പാഴ്സമരത്തെ ഒന്നും ചെയ്യാനാവുന്നില്ലെങ്കിൽ പിന്നെ ഇൗ സർക്കാറിനെക്കൊണ്ട് ആർക്ക്, എന്ത് പ്രയോജനം?!
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.