ചെങ്ങോടുമല ഖനനാനുമതി റദ്ദാക്കണം: സർവകക്ഷി സംഘം കലക്ടർക്ക് നിവേദനം നൽകി

പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ സ്വകാര്യ കമ്പനിക്ക് കരിങ്കൽ ഖനനം നടത്താൻ നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി സംഘം ജില്ല കലക്ടറെ സന്ദർശിച്ച് നിവേദനം നൽകി. സി.പി.എം ലോക്കൽ സെക്രട്ടറി ടി. ഷാജു, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.കെ. അബൂബക്കർ, ബി.ജെ.പി ജില്ല സെക്രട്ടറി കെ.വി. സുധീർ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹസ്സൻകോയ, സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.എം. കുമാരൻ, യുവജനതാദൾ മണ്ഡലം പ്രസിഡൻറ് ഹരീഷ് ത്രിവേണി, ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ് പി. ജയചന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗം ടി.കെ. രഗിൻലാൽ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി എം.കെ. സതീഷ് കുമാർ, സമരസമിതി ഭാരവാഹികളായ കെ. ജയരാജൻ, ബിജു കൊളക്കണ്ടി, ലിനീഷ് നരയംകുളം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഖനനാനുമതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതി അംഗമായ കോഴിക്കോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ജില്ല കലക്ടർക്ക് കത്തുനൽകിയിരുന്നു. ചെങ്ങോടുമല സന്ദർശിച്ച അസി. കലക്ടർ, കോട്ടൂർ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ, ജൈവ വൈവിധ്യ പരിപാലന സമിതി എന്നിവരും വിദഗ്ധ പഠനം നടത്താതെ പാരിസ്ഥിതികാനുമതി നൽകരുതെന്ന് റിപ്പോർട്ട് നൽകി. ഡി.ഇ.ഐ.എ.എയിൽ പരിസ്ഥിതി വിദഗ്ധൻ ഇല്ലാതെയാണ് പാരിസ്ഥിതികാനുമതി നൽകിയിട്ടുള്ളതെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു. കലക്ടർ ചെങ്ങോടുമല സന്ദർശിച്ചതി​െൻറ അടിസ്ഥാനത്തിൽ സി.ഡബ്ല്യു.ആർ.ഡി.എമ്മിനോട് പരിശോധന നടത്താൻ നിർദേശിച്ചിരുന്നു. അവർ ചെങ്ങോടുമല സന്ദർശിച്ച് പരിശോധന നടത്തുകയും പ്രകൃതിദത്ത നീരുറവ ഉണ്ടെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ഒരു നടപടിയും കൈക്കൊണ്ടില്ല. ഉരുൾപൊട്ടലുണ്ടായ മിക്ക സ്ഥലങ്ങളിലും കരിങ്കൽ ഖനനം നടത്തിയിരുന്നു. മരങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന ചെങ്ങോടുമലയിൽ ഒരു പഠനവും നടത്താതെ ഖനനം തുടങ്ങിയാൽ വലിയ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാവുമെന്നതിൽ സംശയമില്ല. ജൈവ വൈവിധ്യത്തി​െൻറ കലവറയാണ് ഈ മല. നരയംകുളം, മൂലാട്, അവിടനല്ലൂർ, ചെടിക്കുളം പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിലെ ഉറവ ഈ മലയിൽനിന്നാണ്. ചെങ്ങോടുമലയുടെ സംരക്ഷണത്തിന് ജാതി-മത-രാഷ്ട്രീയ ഭേദമന്യെ നാട്ടുകാർ സമരത്തിലാണെന്നും നിവേദനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.