അഭിനന്ദിന്​ സ്കൂൾ വീടാണ്​, ആശുപത്രിയും

ബേപ്പൂർ: ജിനരാജ് ദാസ് സ്കൂൾ അഭിനന്ദിന് സ്വന്തം വിദ്യാലയം മാത്രമല്ല, വീടും ആശുപത്രിയുമാണ്. ഇതേ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയായ ഈ കൊച്ചുമിടുക്ക​െൻറ വീടിനുചുറ്റും വെള്ളം ഉയർന്നപ്പോൾ അമ്മക്കും അച്ഛനുമൊപ്പം വ്യാഴാഴ്ച പുലർച്ചയാണ് ക്യാമ്പിൽ എത്തിയത്. ക്യാമ്പിലെ സൗകര്യങ്ങൾക്കായി മുതിർന്നവർ ഡെസ്കും ബെഞ്ചും മാറ്റുന്നത് കണ്ടപ്പോൾ മുണ്ടക്കാട് പറമ്പിൽ താമസിക്കുന്ന കാട്ടുപറമ്പത്ത് സജിത്ര​െൻറയും ജിൽഷയുടെയും മകനായ ഈ ഏഴു വയസ്സുകാരനും സഹായത്തിനെത്തി. െഡസ്ക് മാറ്റുന്നതിനിടെ തെന്നിവീണ് അഭിനന്ദി​െൻറ വലതുകൈക്ക് അപകടം പറ്റി. ഉടനെത്തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. മൂന്ന് കൈവിരലുകളുടെ എല്ല് പൊട്ടിയതിനാൽ മുട്ടോളം പ്ലാസ്റ്റർ ഇട്ടു. ഇപ്പോൾ ക്യാമ്പിൽ വിശ്രമത്തിലാണ് അഭിനന്ദ്. കടുത്ത വെള്ളക്കെട്ടിനാൽ വീടൊഴിഞ്ഞും വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടും ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത് ആയിരക്കണക്കിനുപേരാണ്. മാറാട് ഭാഗത്തെ 53ാം ഡിവിഷ​െൻറ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന മുണ്ടക്കാട് പറമ്പ്, ചങ്ങം പൊതി പറമ്പ്, പൊട്ടൻകണ്ടിപറമ്പ് തുടങ്ങിയ ഭാഗങ്ങളിലെ അഞ്ഞൂറിൽപരം ആളുകളാണ് ജിനരാജ് ദാസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. അരക്കിലോമീറ്റർ മാറി വിവേകാനന്ദ വിദ്യാലയത്തിലും ആയിരത്തോളം പേരടങ്ങിയ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. മാറാട് ഭാഗത്തെ തമ്പുരാൻപടി, സാഗരസരണി, ചുള്ളിയാം വളപ്പ്, മണലൊടി പറമ്പ്, തൈകൂട്ടംപറമ്പ്, മുണ്ടേപാടം, മുച്ചാത്തിക്കുളം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളാണ് ക്യാമ്പിലെത്തിയത്. ക്യാമ്പ് കൺവീനർ പൊന്നക്കംപ്പാട്ട് സുരേന്ദ്രനാണ്. ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 20 കുടുംബങ്ങളുണ്ട്. മഴ അൽപം മാറിയിട്ടുണ്ടെങ്കിലും വെള്ളക്കെട്ടിൽനിന്ന് മോചനമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.