പൂനൂർപുഴയിൽ ഒഴുക്കു കുറയുന്നു; ജനം ആശ്വാസത്തിൽ

കക്കോടി: പൂനൂർപുഴയിൽ ഒഴുക്ക് കുറഞ്ഞതോടെ മൂന്നുദിവസമായി നിലനിൽക്കുന്ന ജനങ്ങളുടെ ഭീതിക്ക് ആശ്വാസം. കണ്ണാടിക്കൽ, വേങ്ങേരി, മൊകവൂർ, മാളിക്കടവ്, തണ്ണീർപന്തൽ, മൂഴിക്കൽ, ചെറുവറ്റ എന്നിവിടങ്ങളിൽ കുടുങ്ങിയവരെ നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും ചേർന്ന് ഒഴിപ്പിച്ചു. നൂറ്റമ്പതോളം കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലുമായി വെള്ളിയാഴ്ച എത്തിച്ചത്. വീടൊഴിയാൻ തയാറാകാതെ വാതിലടച്ച് മുകൾനിലയിൽ ഒറ്റക്കിരുന്ന വയോധിക തണ്ണീർപന്തൽ കല്ലുവെട്ടു കുഴിയിൽ സൗദാമിനിയുടെ വീടി​െൻറ വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി. ഒഴുക്കുള്ള ഭാഗത്തേക്ക് എത്താൻ പ്രയാസമുള്ളതിനാൽ പുതിയാപ്പ, എലത്തൂർ ഭാഗങ്ങളിൽനിന്നെത്തിയ രക്ഷാപ്രവർത്തകർ സാഹസികമായാണ് തോണിയിൽ രക്ഷപ്പെടുത്തിയത്. കക്കോടി എരക്കുളം പുന്നോളി മണ്ണിൽ അബൂബക്കറി​െൻറ വീടി​െൻറ മേൽപ്പുര വെള്ളിയാഴ്ച മൂന്നുമണിയോടെ തകർന്നു വീണു. തണ്ണീർപന്തലിൽ വെള്ളത്തിൽ മുങ്ങിയ ആയുർവേദ ഉഴിച്ചിൽ കേന്ദ്രം വെള്ളിയാഴ്ച രാവിലെ തകർന്നു. വിവിധ ദുരിതാശ്വാസ ക്യാമ്പിലെത്തിയവരുടെ എണ്ണം ഇരട്ടിയിലേറെയായി. കക്കോടി ജി.എൽ.പി സ്കൂളിൽ ഇരുനൂറോളം പേരാണ് ഉള്ളത്. രണ്ടു ക്യാമ്പുകൾ ഒന്നാക്കിയ കിരാലൂർ കല്യാണമണ്ഡപത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മുന്നൂറും പേരും പടിഞ്ഞാറ്റുമുറി യു.പിയിൽ അറുപതോളം പേരുമാണുള്ളത്. വേങ്ങേരി യു.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനു വെള്ളിയാഴ്ച രാവിലെയോടെ മലാപ്പറമ്പ് പ്രൊവിഡൻറ്സ് കോളജിലേക്ക് മാറ്റി. ഇരുനൂറോളം പേരാണ് ക്യാമ്പിലുള്ളത്. കണ്ണാടിക്കൽ, തണ്ണീർപന്തൽ, കക്കോടി ബസാർ, ചേളന്നൂർ അമ്പലത്തുകുളങ്ങര, പാലത്ത്, ചെറുവറ്റ, മൂഴിക്കൽ, തടമ്പാട്ടുതാഴം, മോരീക്കര, മാവിളിക്കടവ്, മൊകവൂർ ഭാഗങ്ങളിലെ വെള്ളക്കെട്ട് കുറയുന്നുണ്ട്. വേങ്ങേരി, മോരീക്കര, കണ്ണാടിക്കൽ, മൊകവൂർ, കിരാലൂർ, കക്കോടി, ചെറുകുളം, പറമ്പിൽബസാർ ഭാഗങ്ങളിൽ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിലായത്. പൂനൂർ പുഴ കരകവിഞ്ഞ് കക്കോടി പൂവത്തൂർ ബണ്ടും കവിഞ്ഞൊഴുകിയതിനാൽ ബസാറിൽ വെള്ളക്കെട്ടാണ്. കക്കോടി കനറാബാങ്കിൽ ശാഖയിൽ വെള്ളം കയറി. നിർദേശം അവഗണിച്ച് വീട്ടുകളിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാത്തതാണ് രക്ഷപ്രവർത്തനം ദുരിത പൂർണമാക്കിയത്. കേക്കാടി, കൂടത്തുംപൊയിൽ, ശശീന്ദ്ര ബാങ്ക്, ചോയിബസാർ, പാലത്ത് ഭാഗങ്ങളിലെ വെള്ളം കുറഞ്ഞു. ചേളന്നൂർ, കണ്ണാടിക്കൽ, കക്കോടി, വേേങ്ങരി, മൂഴിക്കൽ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.