കടലുണ്ടിക്കാർ ചോദിക്കുന്നു; വ​രുമോ പാളം കുരുക്കിടാത്ത പാത?

കടലുണ്ടി: ദിവസവും ഒട്ടേറെ മണിക്കൂറുകൾ റെയിൽവേ ഗേറ്റിൽ കുരുങ്ങുന്ന അരലക്ഷത്തോളം കടലുണ്ടിക്കാരുടെ ദുരിതത്തിനുനേരെ കണ്ണടച്ച് അധികൃതർ. നാലര പതിറ്റാണ്ടു മുമ്പ് സ്ഥാപിതമായ ഗേറ്റിൽ സമയം ഹോമിക്കുകയാണ് ഈ നാട്ടുകാർ. ബേപ്പൂർ, പരപ്പനങ്ങാടി, താനൂർ തുടങ്ങി സമീപപ്രദേശങ്ങളിലൊക്കെ എന്നോ മേൽപാലങ്ങൾ വന്നിട്ടും കടലുണ്ടിയിൽ ഇതിനായി ശക്തമായ നീക്കങ്ങൾ ഉണ്ടായിട്ടില്ല. ഫറോക്കിൽ മേൽപാലത്തി​െൻറ പ്രയോജനം ലഭിക്കുന്ന അടിപ്പാതയുണ്ട്. വള്ളിക്കുന്ന് മുതൽ തെക്കോട്ട് ഒട്ടേറെ ചെറു അടിപ്പാതകളും വന്നു. എന്നാൽ ഇവിടങ്ങളിലൊക്കെ റോഡും റെയിൽവേ ഗേറ്റും ഉണ്ടാകുന്നതിന് എത്രയോ മുമ്പേയുള്ള കടലുണ്ടിയിലെ ഗേറ്റ് രൂപമാറ്റം വന്നതല്ലാതെ അന്നത്തെപ്പോലെ തുടരുകയാണ്. ദിനംപ്രതി നിരവധി തവണ അടക്കുന്ന ഗേറ്റ് തുറന്നിടുന്ന സമയമാണ് ദുർലഭം. പലപ്പോഴും കുരുങ്ങിയ വാഹനങ്ങൾക്ക് മുഴുവനും കടന്നു പോകാനുള്ള സമയം കിട്ടുംമുമ്പേ അടുത്ത അടവിന് സമയമാകും. സ്വന്തം വാഹനത്തിൽ സഞ്ചരിക്കുന്നവർ കിലോമീറ്ററുകൾ കൂടുതൽ ഓടി ഗേറ്റ് ഒഴിവാക്കുമ്പോൾ പൊതുവാഹനങ്ങളിൽ പോകുന്നവർക്ക് സഹിക്കുകയേ നിർവാഹമുള്ളൂ. ചാലിയം, കടലുണ്ടി, കടലുണ്ടിക്കടവ് -സിറ്റി ബസുകളും ചാലിയം -പരപ്പനങ്ങാടി റൂട്ടിലെ ബസുകളും മുമ്പുണ്ടായിരുന്നതി​െൻറ പകുതിയോളമായി ചുരുങ്ങിയതിൽ 'സമയംകൊല്ലി' ഗേറ്റാണ് വില്ലൻ. ബസ് ജീവനക്കാർ തമ്മിലുള്ള സമയതർക്കങ്ങൾക്കും കയ്യാങ്കളിക്കും മുഖ്യ കാരണവും ഗേറ്റുതന്നെ. പലപ്പോഴും ബസുകൾ സമയക്രമം പാലിക്കാൻ ഗേറ്റുവരെ യാത്ര ചുരുക്കുന്നത് നാട്ടുകാർക്ക് മറ്റൊരു തിരിച്ചടിയാണ്. ഇങ്ങനെയൊക്കെയായിട്ടും ഗ്രാമ പഞ്ചായത്തടക്കം ആരും മേൽപാലത്തിനുവേണ്ടി രംഗത്തുവരുന്നില്ലെന്നതാണ് കൗതുകം. ഒറ്റപ്പെട്ട ചില ശ്രമങ്ങൾ നടന്നെങ്കിലും കടലുണ്ടി ടൗണി​െൻറ പ്രസക്തി ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം ചെറുക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ രാഷ്ട്രീയ കക്ഷികളൊന്നും മേൽപാലം അജണ്ടയായെടുത്തിട്ടില്ല. എം.പിയുടെ ഭാഗത്തുനിന്ന് ചില നടപടികളുണ്ടായിരുന്നെങ്കിലും എവിടെയുമെത്തിയില്ല. എം.എൽ.എ ചാലിയാറിനടിയിൽ തുരങ്കറോഡിന് സ്വപ്നപദ്ധതിയുണ്ടാക്കി കാത്തിരിക്കുമ്പോഴും കടലുണ്ടി മേൽപാലം മറന്ന മട്ടാണ്. സ്വാർഥതാൽപര്യങ്ങൾ മാറ്റിവെച്ച് ജനങ്ങളും ജനപ്രതിനിധികളും കൂട്ടായി രംഗത്തിറങ്ങിയാൽമാത്രമേ വരുംതലമുറക്കെങ്കിലും പാളക്കുരുക്കിൽനിന്ന് ശാപമോക്ഷം ലഭിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.