വിലങ്ങാട് ജലവൈദ്യുതിപദ്ധതിയിൽ ജനറേറ്റർ തകരാർ: ഉൽപാദനം കുറഞ്ഞു

വാണിമേൽ: വിലങ്ങാട് ജലവൈദ്യുതിപദ്ധതിയുടെ പവർഹൗസിലെ ജനറേറ്റർ തകരാറിലായി വൈദ്യുത ഉൽപാദനം കുറഞ്ഞു. 2.5 മെഗാവാട്ട് ശേഷിയുള്ള ഒരു ജനറേറ്ററാണ് തകരാറിലായത്. മൂന്ന് ജനറേറ്ററിൽ നിന്നാണ് ഇവിടെ നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നത്. മൂന്ന് ജനറേറ്ററുകളുടെയും വൈദ്യുതി ഉൽപാദനശേഷി 7.5 മെഗാവാട്ടാണ്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പവർഹൗസിലേക്ക് വെള്ളമെത്തിക്കുന്ന പാനോത്തെയും വാളൂക്കിലെയും തടയണകൾ നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. ഇതിനിടെ അപ്രതീക്ഷിതമായി ജനറേറ്റർ പണിമുടക്കിയത് ഇരുട്ടടിയായിട്ടുണ്ട്. യഥേഷ്ടം വെള്ളം ലഭിച്ചിട്ടും വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയാത്തതിനാൽ വൈദ്യുതി ബോർഡിന് കനത്ത നഷ്ടമാണ് ഉണ്ടാവുന്നത്. വിലങ്ങാട് പദ്ധതിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഭൂഗർഭ കേബിളുകൾ വഴി നാദാപുരം ചീയ്യൂർ സബ് സ്റ്റേഷൻ വഴി പൊതു ഗ്രിഡിലേക്ക് കടത്തിവിട്ടാണ് വിതരണം. ----------- വായാട് കുറിച്യകോളനിയിലെ ഉദ്യോഗസ്ഥ കൂട്ടായ്മ നാടിന് കരുത്താവുന്നു നാദാപുരം: പിന്നാക്കാവസ്ഥയിൽ നിന്ന് പിന്നാക്കം പോകുന്ന കോളനിവാസികൾക്ക് മാതൃകയാവുകയാണ് വിലങ്ങാട് വായാട് കുറിച്യ കോളനി. കോളനിയിലെ ഉദ്യോഗസ്ഥ കൂട്ടായ്മയാണ് കാടി​െൻറ മക്കളെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് നയിക്കാൻ മുന്നിട്ടിറങ്ങിയത്. കോളനിയിലെ സർക്കാർ-അർധ സർക്കാർ ജീവനക്കാർ നേതൃത്വം നൽകുന്ന കൂട്ടായ്മയാണ് നാട്ടുകാർക്ക് ഗുണകരമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വായാട് കുറിച്യ കോളനിയിൽ 40 വീടുകളിലായി 42 കുടുംബങ്ങളാണ് താമസിക്കുന്നത്. സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലായി 27 പേർ സർക്കാർ ജീവനക്കാരാണ്. പൊലീസ്, എക്സൈസ്, ബാങ്ക്, ആരോഗ്യമേഖല, സ്കൂൾ അധ്യാപകർ, വനം വകുപ്പ്, കൃഷി വകുപ്പ്, കെ.എസ്.ആർ.ടി.സി, സൈന്യം തുടങ്ങി വിവിധ വകുപ്പുകളിലായി കോളനിയിലുള്ളവർ ജോലി ചെയ്യുന്നുണ്ട്. കോളനിയിലെ വിദ്യാർഥികൾക്ക് പഠനസഹായവും മാർഗ നിർദേശവും നൽകി ഉന്നതങ്ങളിൽ എത്തിക്കാനാണ് ഇവരുടെ ലക്ഷ്യം. അടുത്ത കോളനികളിലെ താമസക്കാർക്കും സഹായങ്ങൾ നൽകുന്നുണ്ട്. പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പി.എസ്.സി പരീക്ഷക്ക് കോച്ചിങ് നൽകുക, ആനുകൂല്യങ്ങൾ ലഭ്യമാവാൻ വേണ്ട അപേക്ഷ നൽകാൻ സഹായിക്കുക, തൊഴിൽ പ്രസിദ്ധീകരണങ്ങൾ എത്തിച്ചു നൽകുക തുടങ്ങിയ കാര്യങ്ങളും ഏറ്റെടുത്തു നടത്തുന്നുണ്ട്. കോളനിയിലെ ബേസ്ബാൾ താരം സി.സി. പ്രിയക്ക് സൗത്ത് കൊറിയയിൽ മത്സരത്തിൽ പങ്കെടുക്കാൻ സാമ്പത്തികം തടസ്സമായപ്പോൾ സഹായം നൽകാൻ ഇവർ മുൻപന്തിയിൽ ഉണ്ടായിരുന്നു. കോളനിയിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയുടെ സേവനം കോളനിക്ക് പുറത്ത് താഴെതട്ടിലുള്ളവർക്കും ലഭ്യമാക്കാനാണ് ശ്രമം. ----------- മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവിനെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു വളയം: കമ്യൂണിറ്റി ഹെൽത്ത് സ​െൻററി​െൻറ പ്രവൃത്തിക്കെത്തിയ തൊഴിലാളിയുടെ ഫോൺ മോഷ്ടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഊരളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജീവനക്കാൻ ഷിജുവി​െൻറ മൊബൈൽ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെയാണ് നാട്ടുകാർ പിടികൂടി നാദാപുരം പൊലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ നാദാപുരം സ്വദേശി മാക്കൂൽ റയീസിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴായ്ച ഉച്ചക്ക് പന്ത്രണ്ടിന് വളയത്ത് നിന്നും മൊബൈൽ മോഷ്ടിച്ച ശേഷം ഇയാൾ നാദാപുരത്തെ ഷോപ്പിൽ വിൽക്കാനെത്തി. മൊബൈൽ ഫോണിൽ ഷിജുവി​െൻറ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ കടക്കാരൻ ഷിജുവിനെ വിവരമറിയിച്ചു. മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ റയീസിനെയും തേടി ഷിജുവി​െൻറ സുഹൃത്തുക്കൾ വീട്ടിൽ പോയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്ന് രാത്രി പത്തോടെ കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ മൊബൈൽ കടയിൽ 4000 രൂപക്ക് ഫോൺ വിൽപന നടത്തി. റോഡരികിൽ നിൽക്കുന്നതിനിെടയാണ് പിടികൂടി െപാലീസിൽ ഏൽപ്പിച്ചത്. നാദാപുരം പൊലീസ് ഇയാളെ വളയം െപാലീസിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തി. --------- തുണിക്കടകളിൽ തട്ടിപ്പ്; യുവതി വസ്ത്രവും പണവും കവർന്നു നാദാപുരം: കല്ലാച്ചി, നാദാപുരം ടൗണുകളിലെ വസ്ത്ര സ്ഥാപനങ്ങളിലെ ജീവനക്കാരെ കബളിപ്പിച്ച് യുവതി പണവും വസ്ത്രവും കവര്‍ന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. രണ്ട് ടൗണുകളിെലയും അഞ്ചോളം കടകളിലാണ് തട്ടിപ്പ് നടന്നത്. രണ്ട് കുട്ടികളുമായെത്തിയ യുവതി കടകളില്‍ നിന്ന് പതിനായിരങ്ങള്‍ വിലയുള്ള വസ്ത്രങ്ങള്‍ വാങ്ങിയ ശേഷം പണം വീട്ടിൽ വെച്ച് മറന്നെന്നും ഉടൻ എത്തിക്കാമെന്നും പറഞ്ഞ് വസ്ത്രങ്ങളുമായി മുങ്ങുകയായിരുന്നു. യുവതി വസ്ത്രങ്ങളുമായി പോകുന്ന ദൃശ്യങ്ങള്‍ തലശ്ശേരി റോഡിലെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കല്ലാച്ചി കോടതി റോഡിന് മുന്നിലെ വസ്ത്രസ്ഥാപനത്തില്‍ നിന്ന് നാലായിരം രൂപയുടെ വസ്ത്രങ്ങളാണ് യുവതി അടിച്ചുമാറ്റിയത്. ഇവിടെയുണ്ടായിരുന്ന ജീവനക്കാരിയോട് പണം വീട്ടിൽ മറന്ന് പോയെന്നും സഹോദരിയുടെ മകളുടെ വിവാഹത്തിനാണ് വസ്ത്രങ്ങളെന്നും പറഞ്ഞ യുവതി മൊബൈല്‍ നമ്പര്‍ നല്‍കി സാധനങ്ങളുമായി പോവുകയായിരുന്നു. സമയം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിന് പിന്നാലെയാണ് നാദാപുരം തലശ്ശേരി റോഡിലെ മൂന്ന് സ്ഥാപനങ്ങളിലും തട്ടിപ്പ് നടന്നത്. മൂന്ന് സ്ഥാപനങ്ങളിലും ഒരേ ദിവസം തന്നെയാണ് തട്ടിപ്പ് നടത്തിയത്. വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത ശേഷം പണം മറന്നെന്നാണ് ഇവിടെയെല്ലാം പറഞ്ഞത്. പണം തരാതെ സാധനങ്ങള്‍ കൊണ്ട് പോവാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ഷോപ്പുകളുടെ സമീപങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന യുവാക്കളുടെയും സ്ഥാപന ഉടമകള്‍ക്ക് നല്ല പരിചയമുള്ളവരെക്കുറിച്ചും യുവതി വ്യക്തമായി പറഞ്ഞതോടെ തട്ടിപ്പാണെന്ന് കരുതിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. എല്ലാ കടകളില്‍ നിന്നും പതിനായിരത്തില്‍പരം രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നു. തിടുക്കത്തില്‍ കല്യാണവീട്ടിലേക്ക് പോകുകയാണെന്നും പണം എടുക്കാന്‍ മറന്നതാണെന്നും അത്യാവശ്യമുള്ള അല്‍പം വസ്ത്രങ്ങള്‍ വേണമെന്നും പറഞ്ഞപ്പോള്‍ കടക്കാര്‍ അനുവദിക്കുകയായിരുന്നു. എല്ലാ കടകളിലും രണ്ട് വീതം മൊബൈല്‍ നമ്പറുകളും യുവതി നല്‍കി. കടയുടമകള്‍ ഫോണില്‍ വിളിച്ച് നോക്കിയപ്പോള്‍ റിങ് ചെയ്തിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും പണവുമായി മടങ്ങി എത്താതിരുന്നതിനെ തുടര്‍ന്ന് വീണ്ടും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് പുതുതായി ആരംഭിച്ച കടയില്‍ നിന്നും വസ്ത്രങ്ങള്‍ അടിച്ചുമാറ്റിയെന്നുമാത്രമല്ല, ഓട്ടോക്കുള്ള യാത്രക്കൂലിയായി കടയുടമയില്‍ നിന്ന് പണവും വാങ്ങിയാണ് യുവതി സ്ഥലം വിട്ടത്. ടൗണിലെ മൂന്ന് വ്യാപാരികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ മനസ്സിലാവൂ എന്ന് പൊലീസ് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.