കിരീടത്തിലേക്ക് കാട്ടിക്കുളത്തിെൻറ മുന്നേറ്റം

മാനന്തവാടി: ജില്ല കായികമേളയുടെ രണ്ടാംദിനവും ട്രാക്കിലും പിറ്റിലും കാട്ടിക്കുളത്തെ താരങ്ങളുടെ ആധിപത്യം. മേളയിലെ സ്ഥിരം എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മേളയുടെ അവസാനദിനമായ ശനിയാഴ്ച കാട്ടിക്കുളം ജി.എച്ച്.എസ്.എസിലെ കുട്ടികൾ ട്രാക്കിലിറങ്ങുക. ഒമ്പതാമത് റവന്യുജില്ല സ്കൂൾ കായികമേളയുടെ രണ്ടാംദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ 100 പോയൻറുമായാണ് കാട്ടിക്കുളം മുന്നേറുന്നത്. തൊട്ടുപുറകിൽ കഴിഞ്ഞവർഷത്തെ ചാമ്പ്യൻമാരായ മീനങ്ങാടിയും മൂന്നാമതായി കാക്കവയലും മുന്നേറ്റം തുടരുന്നു. ഉപജില്ല തലത്തിൽ 268 പോയിൻറുകളുമായി ബത്തേരിയാണ് ഒന്നാമത്. 254 പോയിൻറുമായി മാനന്തവാടി ഉപജില്ല തൊട്ടുപുറകെയുണ്ട്. രണ്ടാംദിനം പിന്നിട്ടപ്പോള്‍ വൈത്തിരി ഉപജില്ലക്ക് 83 പോയിൻറാണ് ലഭിച്ചത്. 13 സ്വര്‍ണം, ഒമ്പതു വെള്ളി, എട്ടു വെങ്കലം ഉള്‍പ്പെടെ 100 പോയിൻറുമായാണ് കാട്ടിക്കുളം ജി.എച്ച്.എസ്.എസ്. മുന്നിട്ടുനിൽക്കുന്നത്. എട്ടു സ്വർണം, പത്ത് വെള്ളി, രണ്ടു വെങ്കലം എന്നിവയുമായി 72 പോയൻറാണ് കഴിഞ്ഞ മൂന്നുവർഷത്തെ ചാമ്പ്യന്മാരായ മീനങ്ങാടിക്ക് നേടാനായത്. അഞ്ചു സ്വര്‍ണം, ഏഴു വെള്ളി, നാലു വെങ്കലമുള്‍പ്പെടെ 50 പോയിൻറുനേടി കാക്കവയല്‍ ജി.എച്ച്.എസ് എസാണ് മൂന്നാം സ്ഥാനത്ത്. കായികമേളയുടെ ഗ്ലാമര്‍ ഇനമായ സീനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ് 4 x 100 മീറ്റര്‍ റിലേയില്‍ മാനന്തവാടി ഉപജില്ല ജേതാക്കളായി. 67 ഇനം മത്സരങ്ങളാണ് പൂര്‍ത്തിയായത്. 28 ഇനങ്ങളാണ് പൂര്‍ത്തിയാകാനുള്ളത്. ഉച്ചയോടെ മഴവില്ലനാകുമെന്ന് കരുതിയെങ്കിലും ചാറ്റൽമഴ വകവെക്കാതെ സംഘാടകർ നിശ്ചയിച്ച സമയത്തുതന്നെ മത്സരങ്ങൾ പൂർത്തിയാക്കി. കായികമേളയുടെ ഉദ്ഘാടനം മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി പഴശ്ശി കുടീരത്തിൽ വെച്ച് ഡിവൈ.എസ്.പി കെ.എം. ദേവസ്യ ദീപശിഖ കൊളുത്തി. പ്രയാണത്തിനുശേഷം ദീപശിഖ മൈതാനത്ത് സ്ഥാപിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എം. ബാബുരാജ് പതാക ഉയർത്തി. വടുവൻചാൽ ജി.എച്ച്.എസ്.എസിലെ ദേശീയ ഫുട്ബാൾതാരം ഹാനിസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേളയുടെ ലോഗോ രൂപകൽപന ചെയ്ത ഷിതിൻ ചൊക്ലിക്ക് ജില്ലപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ദേവകി ഉപഹാരം നൽകി. മുൻ കായിക അധ്യാപകനായ ദാമുവി​െൻറ പേരിൽ കുടുംബം ഏർപ്പെടുത്തിയ ട്രോഫി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീത രാമൻ ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ എം. അബ്ദുൽ അസീസ്, എ. പ്രഭാകരൻ, വർഗീസ് ജോർജ്, ശാരദ സജീവൻ, സ്റ്റെർവിൻ സ്റ്റാനി, പി.ടി.എ പ്രസിഡൻറ് വി.കെ. തുളസീദാസ്, മദർ പി.ടി.എ പ്രസിഡൻറ് അഡ്വ. ഗ്ലാഡിസ് ചെറിയാൻ, ഡയറ്റ് പ്രിൻസിപ്പൽ ഇ.ജെ. ലീന, മാനന്തവാടി പ്രസ്ക്ലബ് പ്രസിഡൻറ് അശോകൻ ഒഴക്കോടി, എസ്.എം.സി ചെയർമാൻ ടോണി ജോൺ, സ്വീകരണ കമ്മിറ്റി കൺവീനർ സുരേഷ് വാളൽ എന്നിവർ സംബന്ധിച്ചു. കൈകളിൽ വിസ്മയം തീർത്ത് സിനദിൻ സിദാൻ മാനന്തവാടി: കാൽപ്പന്തുകളിയിൽ ചടുലചലനങ്ങളുമായി വിസ്മയം തീർത്ത ലോകപ്രശസ്ത ഫുട്ബാളർ സിനദിൻ സിദാനെ എല്ലാവർക്കുമറിയാം. എന്നാൽ, ഇങ്ങ് വയനാട്ടിലുമുണ്ടൊരു സിദാൻ. ഈ സിദാൻ ഫുട്ബാളിലല്ല മറിച്ച് ഷോട്ട്പുട്ടിലാണ് താരമാകുന്നതെന്നുമാത്രം. കാൽപ്പന്തുകളിയെയും ഫ്രാന്‍സി​െൻറ ഇതിഹാസത്തെയും അതിയായി സ്‌നേഹിച്ച പിതാവാണ് മകന് സിനദിൻ സിദാൻ എന്നന് പേരിട്ടത്. സിദാന്‍ ഫുട്‌ബാളില്‍ തിളങ്ങിയില്ലെങ്കിലും ത്രോ ഇനങ്ങളിൽ വിജയംവരിച്ച് ജില്ല കായികമേളയിൽ തിളങ്ങുകയാണ്. ജില്ല കായികമേളയില്‍ ഷോട്ട്പുട്ടില്‍ തനിക്ക് എതിരാളികളിെല്ലന്ന് തെളിയിച്ചാണ് വെള്ളമുണ്ട ജി.എം.എച്ച്.എസിലെ സിനദിന്‍ സിദാ‍​െൻറ മുന്നേറ്റം. ഷോട്ട്പുട്ടിൽ കഴിഞ്ഞവർഷവും ഈ വർഷവും സിനദിന്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ജില്ലയില്‍ ഒന്നാമനായി. ശനിയാഴ്ച ഡിസ്‌കസിലും വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയും ഈ കൊച്ചുമിടുക്കനുണ്ട്. വെള്ളമുണ്ടയിലെ ആറങ്ങാടന്‍ മുസ്തഫ- -റൈഹാനത്ത് ദമ്പതികളുടെ മകനാണ് സിദാൻ. ട്രാക്കിലും പിറ്റിലും കുടുങ്ങി താരങ്ങൾ മാനന്തവാടി: എന്തിനോ വേണ്ടി തിളക്കുന്ന സമ്പാർ എന്ന് പറയുന്നതുപോലെ എന്തിനോവേണ്ടി നടത്തുന്ന മേള എന്നുപറയാൻ തോന്നിയാലും കാണുന്നവരെ കുറ്റം പറയാനാകില്ല. അങ്ങനെയാണ് ഗ്രൗണ്ടി​െൻറ അവസ്ഥ. മഴ വില്ലനാണെന്നതു ശരിയാണ്. എന്നാൽ, ഗ്രൗണ്ടിലെ നാലുപാടുള്ള കാടുവെട്ടാനോ ട്രാക്കിലെ ചളി നിറഞ്ഞഭാഗം നന്നാക്കാനോ നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കുട്ടികൾ എത്ര കഴിവുള്ളവരായിട്ടും കാര്യമില്ല, ട്രാക്കിൽ വീഴാതെ ഫിനിഷിങ് പോയൻറ് പിടിച്ചാൽ മെഡൽ എന്ന അവസ്ഥയാണുള്ളതെന്ന് താരങ്ങൾ സങ്കടത്തോടെ പറയുന്നു. ട്രാക്കി​െൻറ പ്രധാന വളവുകളും ചളിനിറഞ്ഞ് കിടക്കുകയാണ്. ലോങ്ജംപ് പിറ്റിൽ റൺഅപ്പ് എടുക്കാനുള്ള ഭാഗം വെറുമൊരു ചാൽ മാത്രമാണ്. ട്രാക്കിൽ മൂന്നിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. പലപ്പോഴും ഭേദപ്പെട്ട മൂന്നു ട്രാക്കിൽ മാത്രം ഒാടിപ്പിച്ചാണ് മത്സരം നടത്തിയത്. എന്നാൽ, ജില്ലയിൽ ഭേദപ്പെട്ട ഗ്രൗണ്ടായി ഇന്നുള്ളത് മാനന്തവാടിയിലേത് മാത്രമാണ്. മഴപെയ്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധ്യാപകർ പറയുന്നത്. ഉച്ചക്കുശേഷം മഴപെയ്തതും മേളയെ ബാധിച്ചു. വൈകിട്ടും മഴപെയ്തത് ശനിയാഴ്ചത്തെ മത്സരങ്ങൾക്കും തിരിച്ചടിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.