ഗെയിൽ: ഉണ്ണികുളത്ത് തണ്ണീർത്തടം മണ്ണിട്ട്​ നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

എകരൂല്‍: ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ വാല്‍വ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സംസ്ഥാന പാതക്കരികിലെ തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഡാറ്റാ ബാങ്കില്‍പെട്ട ഒന്നര ഏക്കര്‍ തണ്ണീർത്തടമാണ് വാല്‍വ് സ്റ്റേഷന്‍ സ്ഥാപിക്കാൻ ഗെയില്‍ അധികൃതര്‍‍ വിലക്കെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രാദേശിക തണ്ണീർത്തട നിരീക്ഷണ സമിതി ഇവിടെ മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ പത്തോടെ വയല്‍ നികത്താനുള്ള മണ്ണുമായെത്തിയ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധത്തെതുടര്‍ന്ന് തൊഴിലാളികള്‍ പ്രവൃത്തി നിർത്തിവെച്ച് തിരിച്ചുപോവുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്കൂളുകളും സ്ഥിതിചെയ്യുന്ന ഈ ജനവാസമേഖലയില്‍ വാല്‍വ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രദേശവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്. സി.പി.എം അടക്കമുള്ള രാഷ്ട്രീയകക്ഷികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. തണ്ണീർത്തടം നികത്താനുള്ള നീക്കത്തില്‍നിന്ന്‍ അധികൃതര്‍ പിന്തിരിയുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിവിധ കക്ഷിനേതാക്കള്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌, മുസ്ലിം ലീഗ് നേതാവ് നാസര്‍ എസ്റ്റേറ്റ്‌മുക്ക്, കെ.എം. രബിന്‍ ലാല്‍, ഇ.പി. അബ്ദുറഹിമാന്‍, ശശി കരിന്തോറ എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.