തികഞ്ഞ വിജയപ്രതീക്ഷ -ജനീഷ്​കുമാർ

പത്തനംതിട്ട: തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്ന് ഇടതു സ്ഥാനാർഥി കെ.യു. ജനീഷ്കുമാർ. പത്രിക സമർപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് ഒറ്റക്കെട്ടാണ്. എന്നാൽ, യു.ഡി.എഫിൽ കലഹമാണ്. കെ. സുരേന്ദ്രൻ സ്ഥാനാർഥിയായത് എൽ.ഡി.എഫിന് ഗുണം ചെയ്യും. അടൂർ പ്രകാശ് ഇത്രയും നാൾ മണ്ഡലത്തിൽ ജയിച്ചതെങ്ങനെയെന്ന് ഫലങ്ങൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും ജനീഷ്കുമാർ പറഞ്ഞു. ഒത്തൊരുമയോടെ പ്രവർത്തിച്ച് വിജയം നേടും -മോഹൻരാജ് പത്തനംതിട്ട: ഒത്തൊരുമയോടെ പ്രവർത്തിച്ച് യു.ഡി.എഫ് മണ്ഡലത്തിൽ വിജയം നേടുമെന്ന് സ്ഥാനാർഥി പി. മോഹൻരാജ് പറഞ്ഞു. കോന്നിയിലെ ജനങ്ങൾ അടൂർ പ്രകാശിൽ വിശ്വാസം അർപ്പിച്ചതുപോലെ തന്നിലും വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. അടൂർ പ്രകാശിൻെറ വികസനപ്രവർത്തനം ഈ തെരഞ്ഞെടുപ്പിൽ ചൂണ്ടിക്കാണിക്കുകതന്നെ ചെയ്യുമെന്ന് പത്രിക സമർപ്പണത്തിനുശേഷം മോഹൻരാജ് പറഞ്ഞു. അടൂർ പ്രകാശും താനും ഒന്നിച്ചാണ് പാർട്ടി പ്രവർത്തനം തുടങ്ങിയത്. അടൂർ പ്രകാശാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ. തൻെറ വിജയത്തിനായി അദ്ദേഹം മുന്നിലുണ്ടാകും. ആദ്യഘട്ടത്തിൽ ചില പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം മാറി ഒരേ മനസ്സോടെ ഇനി പ്രവർത്തിക്കും. അടുത്ത ശബരിമല തീർഥാടനം അടുത്തിരിക്കുന്നു. വീണ്ടും വിഷയം ആളിക്കത്തിക്കാനാണ് മുഖ്യമന്ത്രിയും ബി.ജെ.പിയും ശ്രമിക്കുന്നത്. വിശ്വാസികൾ ആശങ്കയിലാണ്. വിശ്വാസി സമൂഹത്തെ സംരക്ഷിക്കാൻ കോൺഗ്രസ് മുന്നിലുണ്ടാകുമെന്നും മോഹൻരാജ് പറഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് -സുരേന്ദ്രൻ പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് എല്‍.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നതെന്ന് എന്‍.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രന്‍ പറഞ്ഞു. നാമനിർദേശപത്രിക സമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നിയില്‍ ബി.ജെ.പി ആരുമായാണ് മത്സരിക്കുന്നതെന്ന് ഇടതുവലതു മുന്നണികള്‍ തീരുമാനിക്കട്ടെ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ ഐതിഹാസിക മത്സരമാണ് ബി.ജെ.പി കാഴ്ചെവച്ചത്. അതിനെക്കാള്‍ കൂടുതല്‍ ശക്തമായ മുന്നേറ്റം നടത്താന്‍ ഇക്കുറി എൻ.ഡി.എക്ക് കഴിയും. ജയിക്കാന്‍ വേണ്ടി മാത്രമാണ് ഇക്കുറി മത്സരിക്കുന്നത്. ഇരുമുന്നണിയെയും തുല്യ എതിരാളികളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.