p4 lead: ചോരക്കറ മായാതെ എം.സി റോഡ്​; ചെറുവിരലനക്കാതെ അധികൃതർ

കോട്ടയം: അപകടം തുടർക്കഥയായ എം.സി റോഡിൽ വീണ്ടും അപകടമരണം. ഞായറാഴ്ച പുലര്‍ച്ച തുരുത്തിയില്‍ ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് യുവാവാണ് മരിച്ചത്. ഇതോടെ ഏറ്റുമാനൂരിനും ചങ്ങനാശ്ശേരിക്കുമിടയില്‍ ഒരു വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം പത്ത് കവിഞ്ഞു. സുരക്ഷ സംവിധാനങ്ങളുടെ അഭാവവും അമിത വേഗവുമാണ് അപകട കാരണം. തുരുത്തി മിഷന്‍ പള്ളിക്കു സമീപം ഞായറാഴ്ച പുലര്‍ച്ച 1.15ന് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കോട്ടയത്തേക്ക് പോയ ടാങ്കര്‍ ലോറിയെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. വീതികൂട്ടി ആധുനികരീതിയില്‍ റോഡ് നിർമിച്ചതിനുപിന്നാലെയാണ് അപകടം പതിവായത്. ചെറുതും വലുതുമായ 100ഓളം അപകടമാണ് മാസങ്ങൾക്കുള്ളിൽ നടന്നത്. തുരുത്തിയിൽ ഒന്നിലധികം തവണ വാഹനങ്ങൾ അപകടത്തിൽെപട്ടു. കോടികള്‍ മുടക്കി എം.സി റോഡ് നവീകരിച്ചെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് ലൈറ്റുകൾ സ്ഥാപിച്ചതല്ലാതെ മറ്റ് നടപടികളില്ല. അമിതവേഗക്കാരെ കെണ്ടത്താൻ പൊലീസും കാര്യമായ പരിശോധന നടത്തുന്നിെല്ലന്നും ആക്ഷേപമുണ്ട്. മരണത്തിലേക്ക് നയിച്ച അപകടങ്ങളിൽ ഏറെയും വാഹനത്തിരക്ക് കുറഞ്ഞ പുലർച്ചയാണ് നടന്നത്. റോഡ് നവീകരണത്തിനുശേഷം വേഗനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചെങ്കിലും തുടർനടപടിയില്ല. നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും നടപടിയില്ല. നല്ല റോഡിലൂടെ അമിതവേഗത്തില്‍ എത്തുമ്പോള്‍ നിയന്ത്രണംവിട്ടാണ് അപകടങ്ങള്‍ ഏറെയും. എതിര്‍ വശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ലൈറ്റ് ഡിം ചെയ്യാത്തതിനാലും ഉറങ്ങിയും മറ്റു വാഹനങ്ങളിലിടിച്ചും പോസ്റ്റുകളില്‍ തട്ടി മറിഞ്ഞുമാണ് അപകടങ്ങളേറെയും. റോഡിലെ അടിച്ചിറ, കുമാരനല്ലൂർ, ചെമ്പരത്തിമൂട്‌വളവ്, നാഗമ്പടം പാലം, കോടിമത നാലുവരിപ്പാത, പള്ളം ജങ്ഷൻ, തുരുത്തി, മാവിളങ്ങ്, ചിങ്ങവനം പുത്തൻപാലത്തിന് സമീപം എന്നിവിടങ്ങളാണ് സ്ഥിരം അപകടമേഖല. ഏറ്റവും കൂടുതൽ അപകടമുണ്ടാകുന്നത് കോടിമത നാലുവരിപ്പാതയിലാണ്. ജൂണില്‍ രണ്ടുപേര്‍ അപകടത്തില്‍ മരിച്ച ഇവിടെ പിന്നീട് പത്തിലേറെ ചെറുതും വലുതുമായ അപകടം നടന്നു. ഗാന്ധിനഗർ, അടിച്ചിറ, കുമാരനല്ലൂർ, ചവിട്ടുവരി എന്നിവിടങ്ങളിൽ അപകടം വർധിക്കാൻ കാരണം ആവശ്യത്തിനു സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതാണ്. ചെമ്പരത്തിമൂട് വളവിലും നാലുവരിപ്പാതയിലും അപകടക്കെണിയാകുന്നത് അമിതവേഗവും ഉറക്കവും നിയമം തെറ്റിച്ചുള്ള ഡ്രൈവിങ്ങുമാണ്. ചിങ്ങവനം-ചങ്ങനാശ്ശേരി പാതയിൽ സുരക്ഷ സംവിധാനങ്ങളുടെ അഭാവവും അമിതവേഗവും വിനയാകുന്നതായി െപാലീസ് പറയുന്നു. വേഗനിയന്ത്രണ, സുരക്ഷ സംവിധാനങ്ങൾ ഒരുക്കി എം.സി റോഡിനെ സുരക്ഷിതമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.