​ദുരിതാശ്വാസ വസ്​തുക്കളുമാ​െയത്തിയ ലോറി നിയന്ത്രണംവിട്ട്​ ആറ്​ വാഹനങ്ങളിലിടിച്ചു

കോട്ടയം: ദുരിതാശ്വാസ വസ്തുക്കളുമായെത്തിയ ലോറി നിയന്ത്രണംവിട്ട് ആറ് വാഹനങ്ങളിലിടിച്ചു. നഗരമധ്യത്തിലെ ലോഗോസ് ജങ്ഷനിൽ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ നടന്ന അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ തൃശൂർ സ്വദേശി സോമൻ ജോസ് (40), അപകടത്തിൽപ്പെട്ട ഓട്ടോയുടെ ഡ്രൈവർ പാറമ്പുഴ സ്വദേശി രാജേഷ് (44) എന്നിവർക്കാണ് പരിക്ക്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിൽനിന്ന് േകാട്ടയത്തെ കലക്ഷൻ സൻെറായ ബസേലിയോസ് കോളജിലേക്ക് പ്രളയ ദുരിതാശ്വാസ വസ്തുക്കളുമായി എത്തിയതാണ് ലോറി. ഉച്ചക്ക് ലോറി പൊലീസ് പരേഡ് മൈതാനത്തിലേക്കുള്ള വഴിയിൽ പാർക്ക് ചെയ്ത് ഡ്രൈവർ വിശ്രമിച്ചു. തുടർന്ന് ലോറി സ്റ്റാർട്ട് ചെയ്തതോടെ നിയന്ത്രണം നഷ്ടമായി മുന്നോട്ടുരുളുകയായിരുന്നു. ആദ്യം റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന് എത്തിയ എത്തിയോസ് കാറിൽ ഇടിച്ചു. തുടർന്ന് മാരുതി ആൾട്ടോ കാറിലും ഒരു സൈലോയിലും ഇടിച്ചു. ഇതിനിടെ, ലോറിയിടിച്ച് നിയന്ത്രണം നഷ്ടമായ ഒരു ഓട്ടോ മറ്റൊരു ഓട്ടോയിൽ ഇടിച്ച് മറിയുകയും ചെയ്തു. ഇതുവഴി എത്തിയ രണ്ടു മൂന്ന് ബൈക്കുകളിലും ലോറി ഇടിച്ചു. ഈ ബൈക്ക് യാത്രക്കാർക്ക് നേരിയതോതിൽ പരിക്കേറ്റു. വാഹനങ്ങളിൽ ഇടിച്ചശേഷവും മുന്നോട്ടുനീങ്ങിയ ലോറി ജങ്ഷനിലെ ട്രാഫിക് ഐലൻഡിൽ ഇടിച്ചാണ് നിന്നത്. ലോറി നിയന്ത്രണം നഷ്ടമായി വരുന്നതുകണ്ട് ട്രാഫിക് ഐലൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ചാടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. റോഡിൽ ചിതറിക്കിടന്ന ഓയിലും ഗ്ലാസും പിന്നീട് അഗ്‌നിരക്ഷാസേന അധികൃതരെത്തി വൃത്തിയാക്കി. മൂന്നുവർഷം മുമ്പ് നിയന്ത്രണംവിട്ട സ്വകാര്യ ബസ് സമാന രീതിയിൽ ഇവിടെ എട്ടു വാഹനങ്ങളിൽ ഇടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.