തോന്നുംപടി ചാർജ്; ഓ​ട്ടോകൾക്കെതിരെ നടപടിയുമായി മോ​ട്ടോർ വാഹന വകുപ്പ്​

തൊടുപുഴ: അമിത കൂലി ഈടാക്കുന്ന ഓട്ടോകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. മിനിമം ചാർജ് മാത്രം വരുന് ന ഓട്ടം പോകാൻ ചില ഓട്ടോകൾ കൂടുതൽ തുക ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് രംഗത്തിറങ്ങിയത്. സമീപ പഞ്ചായത്തുകളിലും ഇതേ പരാതിയുണ്ട്. ഡ്രൈവർമാരിൽ പലരും തോന്നുംപടി ചാർജ് ഈടാക്കുന്നതായാണ് യാത്രക്കാർ പറയുന്നത്. ഇതിനെച്ചൊല്ലി തർക്കവും പതിവാണ്. ഓട്ടോകളുടെ മിനിമം ചാർജ് 25 രൂപയാണ്. ഒന്നര കിലോമീറ്റർ ദൂരം മിനിമം ചാർജിൽ സഞ്ചരിക്കാം. എന്നാൽ, മിനിമം ചാർജ് ഈടാക്കേണ്ട ഓട്ടത്തിനുപോലും ചിലർ 5-10 രൂപ അധികം വാങ്ങുന്നു. തർക്കം ഒഴിവാക്കാൻ പലരും ആവശ്യപ്പെടുന്ന തുക നൽകി പോകുകയാണു പതിവ്. സ്ത്രീകളിൽനിന്ന് കൂടുതൽ തുക വാങ്ങുന്നതായും പരാതിയുണ്ട്. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി ജോയൻറ് ആർ.ടി.ഒ പറഞ്ഞു. തൊടുപുഴ-മണക്കാട് റൂട്ടിൽ ഓട്ടോകളുടെ സമാന്തര സർവിസ് സംബന്ധിച്ച പരാതിയെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി. ആറ് ഓട്ടോകളിൽനിന്ന് പിഴയീടാക്കി. നഗരത്തിൽ ഒട്ടേറെ ഓട്ടോകൾ അനധികൃതമായി സർവിസ് നടത്തുന്നതായി ഓട്ടോ ഡ്രൈവർമാർ പറയുന്നു. മറ്റു സ്ഥലങ്ങളിൽനിന്ന് രാവിലെ സ്കൂൾ വിദ്യാർഥികളുമായും മറ്റും എത്തുന്ന ചില ഓട്ടോകൾ വൈകീട്ടുവരെ നഗരത്തിൽ സർവിസ് നടത്തുന്നുണ്ട്. ഇവരിൽ പലരുമാണ് കൂടുതൽ തുക യാത്രക്കാരിൽനിന്ന് വാങ്ങുന്നത്. അനധികൃത സർവിസ് നടത്തുന്ന ഓട്ടോകൾക്കെതിരെ മോട്ടോർ വാഹന വകുപ്പും നഗരസഭയും നടപടി സ്വീകരിക്കണമെന്നും ഇവർ പറയുന്നു. ഇക്കാര്യം പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.