പുഞ്ചകൃഷി ഉൽപാദനത്തിൽ 30 ശതമാനം വർധന; പരിഭവമില്ലാതെ കർഷകർ

കോട്ടയം: പുഞ്ചകൃഷിയില്‍ ജില്ലയിൽ 30 ശതമാനം ഉൽപാദന വർധന. പ്രളയത്തില്‍ ഒഴുകിയെത്തിയ എക്കല്‍ പാടശേഖരങ്ങളെ സമ്പുഷ ്ടമാക്കിയതോടെയാണ് വിളവ് വർധിച്ചത്. നെല്ലുസംഭരണം കഴിഞ്ഞമാസം 31നാണ് പൂർത്തിയാക്കിയത്. ഇതോടെ, സംഭരണ തുകയിലെ കുടിശ്ശികയൊഴികെ കാര്യങ്ങളിൽ പരിഭവമില്ലാതെ കർഷകരുടെയും മനംനിറഞ്ഞു. ഇത്തവണ രജിസ്റ്റർ ചെയ്ത 21,411 കര്‍ഷകരില്‍നിന്ന് 1.18 ലക്ഷം കിലോ നെല്ലാണ് സംഭരിച്ചതെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ എ.ആര്‍. സുരേഷ് പറഞ്ഞു. കുമരകം, കല്ലറ, നീണ്ടൂര്‍, വൈക്കം മേഖലകളിൽ വൻവിളവാണ് ലഭിച്ചത്. നെല്ല് സംഭരിച്ച ഇനത്തിൽ കര്‍ഷകര്‍ക്ക് ഇതുവരെ 140 കോടിയാണ് നൽകിയത്. 20 കോടിയാണ് ഇനി അവശേഷിക്കുന്നത്. പി.ആര്‍.എസ് ബാങ്കില്‍നല്‍കി പണം വായ്പ എടുക്കാനുള്ള സൗകര്യമുള്ളതും കര്‍ഷകര്‍ക്ക് ഗുണകരമായി. അവശേഷിക്കുന്ന പണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ജില്ലയില്‍ 32 മില്ലുകളാണ് ഇത്തവണ നെല്ല് സംഭരിച്ചത്. സാധാരണ പുഞ്ചകൃഷിയിൽ ഏക്കറിന് ലഭിക്കുന്നത് 28 ക്വിൻറലാണ്. ഇത്തവണ അത് 38 ക്വിൻറലായി ഉയർന്നു. പ്രളയം വന്നതിനാല്‍ രണ്ടാംകൃഷിയും പുഞ്ചകൃഷിയും പലയിടത്തും ഒരുമിച്ചെത്തിയും വിളവ് കൂടാൻ കാരണമായെന്ന് കർഷകർ പറഞ്ഞു. ജില്ലയിലെ ആദ്യ വിരിപ്പുകൃഷി പൂർണമായും വെള്ളപ്പൊക്കത്തിൽ നശിച്ചിരുന്നു. വളപ്രയോഗം കുറഞ്ഞതിൻെറ ലാഭത്തിനൊപ്പം ഇത്തവണ വേനലും ഉപ്പുവെള്ളവും സംഭരണതടസ്സവും കര്‍ഷകരെ കാര്യമായി ബാധിച്ചില്ല. ഇത്തവണ റെക്കോഡ് വിളവെടുപ്പാണ് പല പാടശേഖരങ്ങളിലും നടന്നത്. കായൽമേഖലയിൽ വിളവിന് പാകമായ നിരവധി പാടശേഖരങ്ങളിൽ എരണ്ട, താമരക്കോഴി ഇനങ്ങളിൽപെട്ട ദേശാടനപക്ഷികൾ കൂട്ടത്തോടെ വന്നിറങ്ങി നെൽക്കതിർ നശിപ്പിച്ചത് കർഷകർക്ക് നഷ്ടമുണ്ടാക്കിയിരുന്നു. പാടശേഖരങ്ങള്‍ ഫലഭൂയിഷ്ടമായതോടെ വളപ്രയോഗവും കാര്യമായി വേണ്ടിവന്നില്ല. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ചൂട്, മഴ, ഉപ്പുവെള്ള ഭീഷണി എന്നിവ മൂലവും പുഞ്ചകൃഷിയില്‍ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായില്ല. സംഭരണം, കയറ്റിറക്ക് പ്രശ്നങ്ങളിലെ പരാതിയും കുറവായിരുന്നു. സംഭരണത്തിലും കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.