പച്ചപ്പണിയാൻ​ പാമ്പാടി ആർ.ഐ.ടി

കോട്ടയം: പച്ചത്തുരുത്താകാനൊരുങ്ങി പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആർ.ഐ.ടി) കാമ്പസ്. ഹരിതകേരള മിഷൻെറ സഹകരണത്തോടെ 40 ഏക്കറോളം സ്ഥലത്ത് 80 ലക്ഷം രൂപ ചെലവഴിച്ചാണ് 'പച്ചത്തുരുത്ത്' യാഥാർഥ്യമാക്കുക. ഫലവൃക്ഷത്തോട്ടം, മുളവേലി, കാവ് പരിപാലനം, അപ്രത്യക്ഷമാകുന്ന അപൂർവ വൃക്ഷങ്ങളുടെ തോട്ടം, വിവിധതരം മാലിന്യ സംസ്കരണ പദ്ധതികൾ, മണ്ണ് ജലസംരക്ഷണത്തിനായി കൽക്കെട്ടുകൾ, ബണ്ടുകൾ, മഴവെള്ള സംഭരണികൾ, സ്റ്റേഡിയം, പൂമരങ്ങൾ അതിരിടുന്ന റോഡുകൾ, കുളങ്ങൾ, മഴക്കുഴികൾ തുടങ്ങി നിരവധി പദ്ധതികളാണ് പച്ചത്തുരുത്തിൻെറ ഭാഗമായി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ആർ.ഐ.ടി കാമ്പസിൽ ഡോ. എ.പി.ജെ. അബ്ദുൽകലാം യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ നാഗപുഷ്പം നട്ട് നിർവഹിച്ചു. കാമ്പസിൽ ഒരുക്കുന്ന ശലഭോദ്യാന നിർമാണത്തിനും വൈസ് ചാൻസലർ തുടക്കംകുറിച്ചു. ചടങ്ങിൽ പാമ്പാടി ഗ്രാമപഞ്ചായത് പ്രസിഡൻറ് ഫിലിപ്പോസ് തോമസ് അധ്യക്ഷതവഹിച്ചു. ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ പി. രമേശ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആർ.ഐ.ടി പ്രിൻസിപ്പൽ ഡോ. സി. സതീഷ്കുമാർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൻ ഇ.പി. സോമൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.