തീർഥാടനപാതയിൽ ക്രാഷ് ബാരിയർ സ്ഥാപിക്കലില്‍ അപാകം; പഞ്ചായത്ത്​ അംഗം പണി തടഞ്ഞു

കണമല റോഡില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ നിലവാരം സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം എരുമേലി: പമ്പ പാതയിലെ കണമല ഇറക്കത്തില്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുന്നതിൽ അപാകതയെന്ന് ആരോപിച്ച് പണി തടഞ്ഞു. വേണ്ടത്ര ഉറപ്പില്ലാതെയാണ് സ്ഥാപിക്കുന്നതെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അംഗം അനീഷ് വാഴയില്‍ പണി തടഞ്ഞത്. രണ്ട് മീറ്റര്‍ നീളമുള്ള ഇരുമ്പ് പൈപ്പുകള്‍ 1.10 മീറ്റര്‍ താഴ്ചയില്‍ മണ്ണില്‍ ഉറപ്പിച്ച് വേണം ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കാൻ. എന്നാല്‍, വേണ്ടത്ര ആഴത്തിൽ കുഴിയെടുക്കാതെയും കോണ്‍ക്രീറ്റ് ചെയ്യാതെ കല്ലുകൾ തിരുകിയുമാണ് പൈപ്പുകൾ ഉറപ്പിച്ചതെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. കോണ്‍ക്രീറ്റ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പണിയാണ് കരാറുകാർ നടത്തുന്നതെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. കണമല പാത ദേശീയപാത നിലവാരത്തിലാക്കാൻ 15 കോടിയോളം രൂപയുടെ പ്രവൃത്തികളാണ് നടക്കുന്നത്. കാര്യമായ തകരാറില്ലാത്ത പാത നിലവിലുള്ള വീതിയില്‍ തന്നെ വീണ്ടും ടാറിങ് നടത്തുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിര്‍മാണത്തില്‍ അപാകതയുള്ളതായി പരാതികളും ഉയര്‍ന്നിരുന്നു. റോഡി​െൻറ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ കരാറുകാരന്‍ എത്തിച്ച സമിൻറില്‍ ഉപയോഗമില്ലാത്ത നിരവധി ചാക്കുകൾ നാട്ടുകാര്‍ കണ്ടെത്തിയത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിന് പുറമെയാണ് ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്നതിൽ അപാകത നടന്നതായി ആക്ഷേപം ഉയരുന്നത്. നിരവധി അപകടങ്ങളിലായി നാൽപതോളം അയ്യപ്പഭക്തരാണ് കണമല ഇറക്കത്തില്‍ മരിച്ചത്. ഇത്തവണ ശബരിമലയിലേക്ക് ശർക്കരയുമായി പോയ ലോറിയും മറിഞ്ഞു. ഏറെ അപകട സാധ്യതയുള്ള കണമല റോഡില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ നിലവാരം സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോടികള്‍ മുടക്കി നവീകരിച്ച എരുത്വാപ്പുഴ-കണമല സമാന്തരപാതയും സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ. ക്രാഷ്ബാരിയറുകള്‍ സ്ഥാപിക്കുന്നതില്‍ അപാകതയുള്ളതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധനക്ക് ശേഷമേ തുടര്‍പണികള്‍ അനുവദിക്കൂവെന്ന് ദേശീയപാത വിഭാഗം അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ജാഫര്‍, അസിസ്റ്റൻറ് എൻജിനിയര്‍ മീര എന്നിവരും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.