വിദ്യാർഥി​യെ പോസ്​റ്റിൽ കെട്ടിയിട്ട്​ അതിരുകടന്ന ജന്മദിനാഘോഷം; പൊലീസ്​ കേസെടുത്തു

തൊടുപുഴ: വിദ്യാർഥികളുടെ അതിരുകടന്ന ജന്മദിനാഘോഷം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തു. തൊടുപുഴക്ക് സമീപത്തെ സ്വാശ്രയ കോളജ് വിദ്യാർഥികൾക്കെതിരെയാണ് കേസ്. കോളജിന് സമീപത്തെ ഇടറോഡിൽ വൈദ്യുതി പോസ്റ്റിൽ വിദ്യാർഥിയെ കെട്ടിയിട്ട് നടത്തിയ ആഘോഷങ്ങളാണ് വിവാദമായത്. 3.19 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ വിദ്യാർഥി കടുത്ത പീഡനം ഏറ്റുവാങ്ങുന്നതായി കാണാം. അതേസമയം, സഹപാഠികൾക്കെതിരെ മൊഴി നൽകാൻ ഇരയായ വിദ്യാർഥി തയാറായിട്ടില്ല. ബി.കോം രണ്ടാംവർഷ വിദ്യാർഥിയുടെ ജന്മദിനമാണ് സഹപാഠികൾ ആഘോഷമാക്കിയത്. പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കൈകൾ പിന്നിലാക്കി പൊതുനിരത്തിലെ വൈദ്യുതി പോസ്റ്റിൽ ബന്ധിച്ചു. ശേഷം, വിവിധ നിറത്തിലുള്ള വർണപ്പൊടികൾ വിദ്യാർഥിയുടെ ദേഹമാസകലം വിതറിക്കൊണ്ടിരുന്നു. അതോടൊപ്പം കുപ്പികളിൽ കൊണ്ടുവന്ന ചായം കലക്കിയ വെള്ളവും ചാണകവെള്ളവും തലയിലും മുഖത്തും ഒഴിച്ചു. വർണപ്പൊടിയും വെള്ളവും കണ്ണിൽ വീഴാതിരിക്കാൻ തലകുനിച്ചു നിൽക്കുേമ്പാൾ മുഖത്തേക്ക് ശക്തിയായി അവ എറിയുന്നതും വിദ്യാർഥി എതിർക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൂട്ടത്തിൽ തന്നെയുള്ളവർ മൊബൈൽ ഫോണിൽ ചിത്രീകരിച്ച വിഡിയോയാണ് ഇപ്പോൾ സാമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. വ്യാപക പ്രതിഷേധം ഉയർന്നതോടെ മുഖ്യമന്ത്രിയുടെയും മനുഷ്യാവകാശ കമീഷ​െൻറയും ഓഫിസ് വിഷയത്തിൽ ഇടെപട്ടു. തുടർന്ന് തൊടുപുഴ എസ്.ഐ വി.സി. വിഷ്ണുകുമാറും സംഘവും കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, സംഭവം വിവാദമായതോടെ ത​െൻറ അറിവോടെയാണ് സുഹൃത്തുക്കൾ ഇതൊക്കെ ചെയ്തതെന്നാണ് വിദ്യാർഥിയുടെ പ്രതികരണം. ഭീതിപരത്തുന്ന രീതിയിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനും പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചതിനുമാണ് വിദ്യാർഥികൾെക്കതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. കോളജിന് പുറത്താണ് സംഭവം നടന്നതെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.