അംഗൻവാടി കുട്ടികൾക്ക്​ മുന്നിൽ കാട്ടാന

മൂന്നാർ: ആദിവാസിക്കുടിയിലെ അംഗൻവാടിയിൽനിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികൾക്ക് മുന്നിൽ കാട്ടാന. ആനയെക്കണ്ട് ഭയന്ന് ചിതറിയോടിയ കുട്ടികളിലൊരാളെ കാണാതായത് പരിഭ്രാന്തി വിതച്ചു. ആന എടുത്തെറിഞ്ഞതാവാമെന്ന് കരുതി നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ ക്ഷേത്രത്തിനകത്തുനിന്ന് കുട്ടിയെ കണ്ടെത്തി. മൂന്നാറിൽനിന്ന് 32 കിലോമീറ്റർ അകലെ കുണ്ടള സാൻഡോസ് ആദിവാസിക്കുടിയിൽ വ്യാഴാഴ്ച ഉച്ചക്ക് 2.30ഒാടെയാണ് സംഭവം. 12 കുട്ടികളും നാലുകുട്ടികളുടെ അമ്മമാരും ഉണ്ടായിരുന്നു. ഉൗരി​െൻറ മധ്യഭാഗത്തായി പ്രവർത്തിക്കുന്ന അംഗൻവാടിയിൽനിന്ന് വീട്ടിലേക്ക് പോകാൻ റോഡിലിറങ്ങിയപ്പോഴാണ് തൊട്ടുമുന്നിൽ കാട്ടാന പ്രത്യക്ഷപ്പെട്ടത്. ആനയെ കണ്ടതോടെ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെയും വാരിയെടുത്ത് ഓടി. ഭയന്ന മറ്റ് കുട്ടികൾ ചിതറിയോടി. ബഹളംകേട്ട് കുടിയിലുണ്ടായിരുന്നവർ എത്തി പടക്കം പൊട്ടിച്ചും മറ്റുമാണ് ആനയെ ഉൗരിന് പുറത്തെത്തിച്ചത്. കഴിഞ്ഞയിടെ ചെണ്ടുവരൈയിലും മാട്ടുപ്പെട്ടിയിലും ഇറങ്ങി ഭീതിവിതച്ച ഗണേശൻ എന്ന കൊമ്പനാണ് കുടിയിലുമെത്തിയത്. രണ്ടാഴ്ചയിലധികമായി ഈ ഒറ്റയാൻ കുണ്ടളയിലെ ജനവാസ മേഖലയിൽ സ്ഥിരസാന്നിധ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.