തമിഴ്​നാട്​ മോഡൽ പൊതുജനാരോഗ്യം; ചട്ടങ്ങള്‍ക്ക് രൂപംനൽകും

തമിഴ്നാട് മോഡൽ പൊതുജനാരോഗ്യം; ചട്ടങ്ങള്‍ക്ക് രൂപംനൽകും തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ക്കായി പൊതുജനാരോഗ്യ കേഡര്‍ രൂപവത്കരിക്കുന്നതിന് പ്രത്യേക ചട്ടങ്ങള്‍ക്ക് രൂപംനൽകും. അതേസമയം, ഡോക്ടര്‍മാരുടെ നിലവിലെ കേഡറുകള്‍ പുനർനിര്‍ണയിക്കുന്നതിന് വീണ്ടും ഓപ്ഷന്‍ സ്വീകരിക്കണമെന്ന നിര്‍ദേശം തള്ളി. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ വിളിച്ച ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നത്. സീനിയോറിറ്റി സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയെത്തുടര്‍ന്നാണ് വീണ്ടും ഓപ്ഷന്‍ വിളിക്കണമെന്ന നിര്‍ദേശം ഉപേക്ഷിച്ചത്. ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ഓരോവര്‍ഷവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പി​െൻറ താഴെത്തട്ട് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പബ്ലിക് ഹെല്‍ത്ത് കേഡറിന് രൂപംനൽകാന്‍ ആലോചിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് കേഡറിലേക്ക് മാറുന്ന ഡോക്ടര്‍മാരുടെ യോഗ്യത നിശ്ചയിക്കുന്നതുസംബന്ധിച്ച് തുടര്‍ചര്‍ച്ചകള്‍ നടത്തും. സംഘടനകളുടെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് രൂപരേഖ തയാറാക്കാന്‍ ആരോഗ്യഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റിവ് കേഡര്‍ വിഭജിച്ചാണ് പൊതുജനാരോഗ്യ വിഭാഗം രൂപവത്കരിക്കാന്‍ ആലോചന. പ്രാഥമിക -സാമൂഹിക ആരോഗ്യകേന്ദ്രങ്ങളും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി രൂപംനൽകിയ കുടുംബാരോഗ്യ കേന്ദ്രങ്ങളും ചികിത്സരംഗത്ത് ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേഡറിന് രൂപംനൽകുക. പകര്‍ച്ചവ്യാധി, പകര്‍ച്ചവ്യാധിയേതര രോഗങ്ങള്‍, ഗര്‍ഭകാല ചികിത്സകള്‍, ശിശുരോഗം, പ്രതിരോധ കുത്തിവെപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ യോഗ്യരായ കൂടുതല്‍ ഡോക്ടര്‍മാരെ വിന്യസിക്കുകയാണ് ഉദ്ദേശം. ദുരന്തങ്ങള്‍ നേരിടാനും ഈ വിഭാഗത്തെ സജ്ജമാക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പബ്ലിക് ഹെല്‍ത്ത് കേഡര്‍ പ്രത്യേകമുള്ളത്. 2010ലാണ് ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരെ അവരുടെ താൽപര്യം അനുസരിച്ച് ജനറല്‍, സ്‌പെഷാലിറ്റി, അഡ്മിനിസ്‌ട്രേറ്റിവ് എന്നിങ്ങനെ മൂന്ന് കേഡറുകളായിത്തിരിച്ചത്. ജനറല്‍, സ്‌പെഷാലിറ്റി കേഡര്‍ ഡോക്ടര്‍മാര്‍ ചികിത്സ മേഖലയിലും അഡ്മിനിസ്‌ട്രേറ്റിവ് കേഡറിലുള്ളവർ ആശുപത്രികളുടെയും ആരോഗ്യവകുപ്പ് ആസ്ഥാനത്തെയും മറ്റും ഭരണനിര്‍വഹണവുമാണ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.