മായം കലർത്തിയ പാൽ: 23 ബ്രാൻഡുകൾക്കെതിരെ നടപടി

തിരുവനന്തപുരം: മായംകലർത്തിയ പാൽ വിതരണം ചെയ്ത 23 ബ്രാൻഡുകൾക്കെതിരെ നടപടി. തിരുവനന്തപുരം ജില്ലയിൽനിന്ന് ശേഖരിച്ച് സാമ്പിളുകൾ പരിശോധിച്ചതിൽ എട്ടു ബ്രാൻഡുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. കൊല്ലത്ത് രണ്ട്, പത്തനംതിട്ട ഒന്ന്, ഇടുക്കി രണ്ട്, എറണാകുളം ആറ്, തൃശൂർ നാല്, പാലക്കാട് ഒന്ന് ബ്രാൻഡുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പത്തനംതിട്ടയിൽ നാല് ബ്രാൻഡുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി പിഴ ചുമത്തിയിരുന്നു. ചെക്ക്പോസ്റ്റുകളോടനുബന്ധിച്ച് ലാബുകൾ സ്ഥാപിച്ച് രാസപരിശോധന നടത്തിയാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മായംകലർന്ന പാൽ ക്ഷീരവകുപ്പ് കണ്ടെത്തുന്നത്. ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയാൽ സംസ്ഥാനത്തേക്ക് കടത്തിവിടരുതെന്നാണ് നിർദേശം. ഇതിനായി പാറശ്ശാലയിലും കൊല്ലം ആര്യങ്കാവിലും സ്ഥിരം പാൽ പരിേശാധന സംവിധാനം സ്ഥാപിക്കും. പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ കഴിഞ്ഞ ജൂണിൽ സ്ഥിരം ലബോറട്ടറി സ്ഥാപിച്ചിരുന്നു. മിൽമ ഇതരസംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന പാൽ ഗുണനിലവാര പരിശോധന നടത്തണമെന്ന് നിർദേശം നൽകി. എന്നിട്ടും സംസ്ഥാനത്തേക്ക് പരിശോധനയില്ലാതെ കവർപാൽ ഒഴുകുന്നുണ്ട്. സംസ്ഥാന മിൽമ പ്ലാൻറുകളിലെല്ലാം പരിശോധന നടത്തുന്നതിന് ലബോറട്ടറികളുണ്ട്. മിൽമ ഡയറികളിലെ ലബോറട്ടറികളിൽ അൻറിബയോട്ടിക് ടെസ്റ്റ്, അഡൽട്രേഷൻ ടെസ്റ്റ്, പ്രിസർവേറ്റിവ് ടെസ്റ്റ്, ബാക്ടീരിയോളജിക്കൽ ടെസ്റ്റ് എന്നീ പരിശോധനകൾ നടത്തി ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ അനലറ്റിക്കൽ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാലി​െൻറ ഗുണനിലവാരം പരിശോധിക്കുന്നതിനായി എല്ലാ ജില്ലകളിലും ക്വാളിറ്റി കൺട്രോൾ ഓഫിസറുടെ നേതൃത്വത്തിൽ ലബോറട്ടറി സൗകര്യം ഏർപ്പെടുത്തി. ക്ഷീരസംഘങ്ങളിൽ സംഭരിക്കുന്ന പാലി​െൻറയും മാർക്കറ്റിൽ ലഭ്യമായ കവറുപാലുകളുടെ ഗുണനിലവാരം പരിശോധിച്ച് ജില്ല ഓഫിസുകൾ ഉറപ്പുവരുത്തുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫുഡ് ടെസ്റ്റിങ് ലബോറട്ടറികളിൽ പാൽ പരിശോധിക്കുന്നതിനുള്ള സംവിധാനമുണ്ട്. ഈ ജില്ലകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന് കീഴിലുള്ള അനലറ്റിക്കൽ ലാബുകളിലും പാൽ പരിശോധന നടത്തുന്നുണ്ട്. അതേസമയം, അതിർത്തി ജില്ലകളിൽ വിലകുറച്ച് ഇതരസംസ്ഥാന പാലുകൾ നിയന്ത്രണമില്ലാതെ എത്തുന്നുണ്ട്. വില കുറവായതിനാൽ ഹോട്ടലുകളിലും ചായക്കടകളിലും തമിഴ്നാട് കവർപാലാണ് ഉപയോഗിക്കുന്നത്. ആർ. സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.