കേരള കോൺഗ്രസ്​ എം സംസ്ഥാന സമ്മേളനത്തിന്​ ഉജ്ജ്വല തുടക്കം; റാലിയും പൊതുസമ്മേളനവും ഇന്ന്​

കോട്ടയം: കേരള കോൺഗ്രസ് എം സമ്മേളനത്തിന് കോട്ടയത്ത് ഉജ്ജ്വല തുടക്കം. മുതിർന്ന നേതാക്കളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പാർട്ടി ചെയർമാൻ കെ.എം. മാണി വ്യാഴാഴ്ച വൈകുന്നേരം സമ്മേളന നഗരിയായ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ പതാക ഉയർത്തിയതോടെയാണ് ത്രിദിന സമ്മേളനത്തിനു തുടക്കമായത്. യൂത്ത്ഫ്രണ്ട് എം പ്രവർത്തകർ നഗരത്തിൽ നടത്തിയ ഇരുചക്ര സമ്മേളന വിളംബരജാഥ നെഹ്റു സ്റ്റേഡിയത്തിൽ എത്തിയശേഷമായിരുന്നു പതാക ഉയർത്തൽ. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി വിളംബര ജാഥ ഫ്ലാഗ് ഒാഫ് ചെയ്തു. വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്, െഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, ജോയ് എബ്രഹാം എം.പി, എം.എൽ.എമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ.എൻ. ജയരാജ് മുൻ എം.എൽ.എമാരായ തോമസ് ഉണ്ണിയാടൻ, ടി.യു. കുരുവിള, ജോസഫ് എം. പുതുശ്ശേരി എന്നിവരും പി.ടി. ജോസ്, സജി മഞ്ഞക്കടമ്പൻ, വിജി എം. തോമസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. വെള്ളിയാഴ്ച റാലിയും പൊതുസമ്മേളനവും നടക്കും. വൈകുന്നേരം മൂന്നിന് നെഹ്റുസ്റ്റേഡിയത്തിലാണ് മഹാസമ്മേളനം. ചെയർമാൻ കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് അധ്യക്ഷതവഹിക്കും. ശനിയാഴ്ച രാവിലെ 10ന് ഐഡ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. നഗരത്തിലെത്തുന്ന പ്രവർത്തകരെയും വാഹനങ്ങളെയും സ്വീകരിക്കാൻ വിപുല സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തി​െൻറ വിവിധഭാഗങ്ങളിൽനിന്ന് എത്തുന്ന പ്രവർത്തകർ ചെറുജാഥകളായി പ്രധാനവേദിയായ നെഹ്റു സ്റ്റേഡിയത്തിൽ എത്തുന്ന രീതിയിലാണ് റാലിയുടെ ക്രമീകരണം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവർ തിരുനക്കര മൈതാനത്തുനിന്ന് ബേക്കർ ജങ്ഷൻ വഴിയും മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽനിന്നും കടുത്തുരുത്തി ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിൽനിന്നുമുള്ളവർ എസ്.എച്ച് മൗണ്ട് ജങ്ഷനിൽനിന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽനിന്നും ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽനിന്നുമുള്ളവർ കോടിമത ഐഡ ജങ്ഷൻ-പുളിമൂട്-തിരുനക്കര വഴിയും സ്റ്റേഡിയത്തിൽ എത്തണം. ഇടുക്കി ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽനിന്നുള്ളവർ ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് എതിർവശത്തെ മൈതാനത്ത് ഒത്തുകൂടി കലക്ടറേറ്റ് റെയിൽവേ സ്‌റ്റേഷൻ റോഡ് വഴിയും പാലാ, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളിൽനിന്നുള്ളവർ പൊലീസ് പരേഡ് മൈതാനത്തിനു സമീപത്തുനിന്നും പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, റാന്നി മണ്ഡലങ്ങളിൽനിന്ന് വരുന്നവർ പൊലീസ് പരേഡ് മൈതാനത്തിനു സമീപത്തെ റോഡിൽ കേന്ദ്രീകരിച്ചശേഷവും നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്തണം. ചേർത്തല, വൈക്കം നിയോജക മണ്ഡലങ്ങളിൽനിന്നുള്ളവർ സി.എം.എസ് കോളജ് ഭാഗത്തുനിന്ന് ബേക്കർ ജങ്ഷനിലൂടെയും കോട്ടയം നിയോജക മണ്ഡലത്തിൽനിന്നുള്ളവർ സംസ്ഥാന കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ചശേഷവും സമ്മേളനനഗരിയിലേക്ക് എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.