ദീപപ്രഭയിൽ കുമാരനല്ലൂർ; തൃക്കാർത്തിക നിറവിൽ ഭക്തർ

കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ തൃക്കാർത്തിക ദർശനം തൊഴുത് ആയിരങ്ങൾ. വൃശ്ചികമാസത്തിലെ പൂർണിമയും കാർത്തിക നക്ഷത്രവും ഒന്നിച്ചുവരുന്ന തൃക്കാർത്തിക നാൾ പുലർച്ച കുമാരനല്ലൂരമ്മയെ കണ്ടുതൊഴാൻ ക്ഷേത്രത്തിലേക്ക് ഭക്തർ ഒഴുകിയെത്തി. മണിക്കൂറുകൾ കാത്തുനിന്ന ശേഷം ദേവിയെ തൊഴുത് സായുജ്യമടഞ്ഞായിരുന്നു ഭക്തരുടെ മടക്കം. ഞായറാഴ്ച പുലർച്ച മൂന്നിന് തൃക്കാർത്തിക ദർശനം ആരംഭിക്കുമ്പോൾ ക്ഷേത്രവും പരിസരവും ജനനിബിഡമായിരുന്നു. ദേശവഴികളിലുള്ളവർക്കു പുറമെ നാടി​െൻറ നാനാദേശങ്ങളിൽനിന്നുള്ളവരും കുമാരനല്ലൂരിൽ എത്തിയിരുന്നു. ഇവർക്കായി ക്ഷേത്രത്തിലും പരിസരങ്ങളിലും വൻ സുരക്ഷക്രമീകരണവും ഒരുക്കിയിരുന്നു. പുലർച്ച മൂന്നുമുതൽ ആറുവരെയും തുടർന്ന് 6.45 മുതൽ ഉച്ചക്ക് ഒരുമണിവരെയുമായിരുന്നു ദർശനം. വൈകീട്ട് ആറാട്ടുപുറപ്പാടിനോടനുബന്ധിച്ചു പ്രദേശവാസികൾ ചേർന്നു ക്ഷേത്രത്തിലും വീടുകളിലുമായി കാർത്തികവിളക്കുകൾ തെളിച്ച് ദേവിയെ വരവേറ്റു. ഈ സമയം ക്ഷേത്രവും പരിസരവും ദീപപ്രഭയിൽ മുങ്ങി. തിങ്കളാഴ്ച ആറാട്ടോടെ ഉത്സവത്തിനു സമാപനമാകും. ഉച്ചക്ക് 12.30ന് നീലിമംഗലം, സംക്രാന്തി വിളക്കമ്പലം, വായനശാല, സൂര്യകാലടി വഴി ഇടത്തിൽ മണപ്പുറത്തേക്ക് ആറാട്ട് എഴുന്നള്ളിപ്പ്. തിരികെ രാത്രി ഒമ്പതിനു ഇടത്തിൽ ഭഗവതി ക്ഷേത്രം കരയോഗമന്ദിരംകവല, ചവിട്ടുവരി, കുമാരനല്ലൂർ മേൽപാലം വഴി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്. പുലർച്ച നാലിനു കൊടിയിറക്കോടെ ഈ വർഷത്തെ ഉത്സവത്തിനു സമാപനമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.