മ​ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും വീ​ട്ടി​ൽ ക​യ​റ്റാ​ത്ത സ്​​ത്രീ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി വ​നി​ത ക​മീ​ഷ​ൻ

കോട്ടയം: ഭിന്നശേഷിക്കാരിയായ മകളെയും വയോധികനായ ഭർത്താവിനെയും വീട്ടിൽ കയറ്റാത്ത സ്ത്രീക്കെതിരെ കർശന നടപടിയുമായി വനിത കമീഷൻ. വീടിെൻറ രണ്ട് താക്കോലുകളിൽ ഒന്ന് അടിയന്തരമായി മകൾക്ക് കൈമാറുവാനും വനിത കമീഷൻ അംഗം ഡോ. ജെ പ്രമീളദേവി അദാലത്തിൽ നിർദേശിച്ചു. കാഞ്ഞിരപ്പള്ളി ചോറ്റിയിലാണ് ഈ ക്രൂരത അരങ്ങേറിയത്. സ്ത്രീക്ക് മൂന്നു പെൺമക്കളാണുള്ളത്. ഇതിൽ ഭിന്നശേഷിയുള്ള യുവതി അവിവാഹിതയാണ്. 85 വയസ്സുള്ള പിതാവിനാകട്ടെ കാഴ്ചക്കുറവുമുണ്ട്. സ്ത്രീ പുറത്തുപോകുമ്പോൾ പൂട്ടി താക്കോലുമായി പോകും. ഈ സമയത്ത് ഇവരെയും പുറത്താക്കും. 65 വയസ്സ് പ്രായമുള്ള സ്ത്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇവരുടെ അടുപ്പക്കാരനായ ആൾ മരിച്ചുപോയശേഷമാണ് പുതിയ ബന്ധം തുടങ്ങിയതെന്നും വനിത കമീഷനിൽ നൽകിയ പരാതിയിൽ പറയുന്നു. 13 സെൻറ് പുരയിടവും വീടും സ്ത്രീയുടെ പേരിലാണുള്ളത്. ഇതുസംബന്ധിച്ച് നേരേത്തയുണ്ടായിരുന്ന കേസിൽ ഭിന്നശേഷിയുള്ള മകൾക്ക് സ്വത്തിെൻറ മൂന്നിലൊന്നിന് അവകാശമുണ്ടെന്ന് കോടതി വിധിച്ചിരുന്നു. എന്നാൽ, ഇതൊന്നും സ്ത്രീ അംഗീകരിക്കാൻ കൂട്ടാക്കുന്നില്ലെന്ന് പ്രമീളദേവി പറഞ്ഞു. വിഷയത്തിൽ കമീഷൻ ശക്തമായി ഇടപെടുമെന്നും മകൾക്കും പിതാവിനും വീട്ടിൽ താമസിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അവർ പറഞ്ഞു. കൈകാലുകൾക്ക് സ്വാധീനക്കുറവുള്ളതിനാൽ മകൾക്ക് കിണറ്റിൽനിന്ന് വെള്ളംകോരാൻ കഴിയുന്നില്ല. തൊട്ടിയുടെ കയർ പല്ലുകൊണ്ട് കടിച്ചുപിടിച്ച് വെള്ളം എടുക്കുന്നതിനാൽ പല പല്ലുകളും യുവതിക്ക് നഷ്ടമായി. പഞ്ചായത്തോ മറ്റ് ഭരണസംവിധാനമോ മുൻകൈയെടുത്ത് ഈ വീട്ടിൽ മോട്ടോർ സ്ഥാപിക്കാനുള്ള ക്രമീകരണം ഒരുക്കേണ്ടതാണെന്നും പ്രമീളദേവി പറഞ്ഞു. കുറിച്ചിയിലുള്ള ഒരു റബർ ഫാക്ടറിയിലെ മാനേജർ ലൈംഗികച്ചുവയോടും താൽപര്യത്തോടും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതായുള്ള പരാതിയിൽ ജില്ല ലേബർ ഓഫിസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമീഷൻ ആവശ്യപ്പെട്ടു. ഈ കേസിൽ ഫാക്ടറി ഉടമയോട് ഹാജരാകുവാൻ പലതവണ കമീഷൻ ആവശ്യപ്പെട്ടിട്ടും അയാൾ ഹാജരായിട്ടില്ല. അദാലത്തിനെത്തിയ മാനേജരാകട്ടെ യുവതിയുടെ പരാതി കളവാണെന്ന് അറിയിച്ചു. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണത്തിനാണ് ഡി.എൽ.ഒയെ ചുമതലപ്പെടുത്തിയത്. 32 വനിതകളാണ് ഫാക്ടറിയിൽ ജോലിചെയ്യുന്നത്. ഇത്രയും സ്ത്രീകൾ ജോലി ചെയ്യുന്നതിനാൽ സ്ഥാപനത്തിനുള്ളിൽ തന്നെ പരാതി പരിഹാര കമ്മിറ്റി വേണമെന്നും കമീഷൻ നിർദേശിച്ചു. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ 56 കേസുകൾ പരിഗണിച്ചു. 36 കേസുകൾ രമ്യമായി പരിഹരിച്ചു. ഏഴുപരാതികൾക്ക് പൊലീസ് റിപ്പോർട്ടും അഞ്ച് പരാതികളിൽ ആർ.ഡി.ഒ റിപ്പോർട്ടും ആവശ്യപ്പെട്ടു. ആറ് പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. േമയ് രണ്ടിനും േമയ് അവസാനവും അദാലത്ത് സംഘടിപ്പിക്കുമെന്നും കമീഷൻ അറിയിച്ചു. ജില്ലയിൽ പരാതികളുടെ എണ്ണം കൂടി വരുന്നതിനാലാണ് അദാലത്തുകൾ കൂടുതൽ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.