ചാളപിടിത്തം നിയന്ത്രിക്കണമെന്ന് ശിപാര്‍ശ

കൊച്ചി: ചാള (മത്തി) പിടിത്തം നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ) സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ചാളയുടെ ലഭ്യത ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണിത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2015ല്‍ ചാളയുടെ ലഭ്യത 55 ശതമാനമാണ് കുറഞ്ഞതെന്ന് സി.എം.എഫ്.ആര്‍.ഐ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ കുറവില്‍ കാര്യമായ മാറ്റമുണ്ടാകില്ളെന്നും സാവധാനത്തില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും സി.എം.എഫ്.ആര്‍.ഐ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം അടക്കം വിവിധ കാരണങ്ങളാലാണ് ചാളയുടെ ലഭ്യത കുറഞ്ഞത്. മത്സ്യബന്ധനത്തിലെ വ്യതിയാനം മുതല്‍ മുട്ടയിടുന്ന ചാളയുടെ എണ്ണത്തില്‍ വന്ന ഗണ്യമായ കുറവ് വരെയാണ് കാരണം. ഇപ്പോഴത്തെ ഉയര്‍ന്ന താപനില കാരണങ്ങളില്‍ ഒന്ന് മാത്രമാണെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. മീന്‍പിടിത്ത വലകള്‍, മത്സ്യബന്ധനത്തിന്‍െറ ആഴം, ബോട്ടുകളുടെ എന്‍ജിന്‍െറ ശക്തി എന്നിവയിലുണ്ടായ മാറ്റമാണ് മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ളത്. ചെറിയ വലകള്‍ക്ക് പകരം ഇപ്പോള്‍ വന്‍ വലകള്‍ ഉപയോഗിക്കുന്നു. നിര്‍ദേശിക്കപ്പെട്ടതിന്‍െറ രണ്ടിരട്ടി വലുപ്പമുള്ള വലകളും ഉപയോഗിക്കുന്നുണ്ട്. പരമ്പരാഗത വള്ളങ്ങള്‍ വരെ ഇരട്ട എന്‍ജിനുകള്‍ ഉപയോഗിക്കുന്നു. മീന്‍പിടിത്ത അളവിലും ഗണ്യമായ വര്‍ധനയുണ്ടായി. കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി ചാളയുടെ ബന്ധനം നടന്നിരുന്നത് 30 മീറ്റര്‍ ആഴത്തില്‍നിന്നായിരുന്നു. ഇത് 55 മീറ്റര്‍ ആഴത്തിലായി. ചാളയുടെ മുട്ടക്കാലവും പ്രജനനകാലവുമായ മാര്‍ച്ച്-മേയ് മാസത്തിലാണ് ഇങ്ങനെയുള്ള മീന്‍പിടിത്തം കൂടിയത്. 2012നുശേഷം മുട്ടയിടാറായ ചാളയുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. ഇവയെ വന്‍തോതില്‍ പിടിച്ചതാണ് മുഖ്യകാരണം. താപനിലയിലെ മാറ്റവും കടലിനടിയില്‍ വേണ്ടത്ര ഭക്ഷണം കിട്ടാതായതും ഇവയുടെ എണ്ണം കുറക്കാനിടയാക്കി. എല്‍നിനോ മൂലമുള്ള താപനില ഉയര്‍ന്നതും കാരണമായി. സമുദ്രജലത്തില്‍ പ്രാണവായുവും കുറഞ്ഞു. ചാളയുടെ കുറവ് ഇതാദ്യമായല്ളെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. 1943ല്‍ ചാളപിടിത്തം നിരോധിച്ചിരുന്നു. 1947ല്‍ വിവിധ കാരണങ്ങളാല്‍ നിരോധം എടുത്തുകളയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.