വിമാനത്താവളത്തിൽ പ്രത്യേക തെർമൽ സ്കാനിങ്; പിന്നാലെ ക്വാറൻറീനിലേക്ക്

കൊച്ചി/ നെടുമ്പാശ്ശേരി: കോവിഡ് അനിശ്ചിതത്വത്തിനൊടുവിൽ വ്യാഴാഴ്ച രാജ്യത്താദ്യമായി പ്രവാസികളെത്തുമ്പോൾ ശക്തമായ സുരക്ഷ ക്രമീകരണങ്ങളും പരിശോധന സംവിധാനങ്ങളുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരുങ്ങുന്നത്. ഇവരെ പരിശോധിക്കാൻ പ്രത്യേക തെർമൽ സ്കാനർ വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിനായി യാത്രികരെ ടെർമിനലിനകത്ത് പ്രത്യേക ഭാഗത്ത് സാമൂഹിക അകലം പാലിച്ചായിരിക്കും ഇരുത്തുക. പ്ലാസ്റ്റിക് കസേരകളിൽ പ്രത്യേകതരം തുണികളും ഇതിനായി പൊതിയും. ഈ പരിസരം ഇടയ്ക്കിടെ അണുമുക്തമാക്കുകയും ചെയ്യും. ശരീര ഊഷ്മാവ് ഉയര്‍ന്ന നിലയിലുള്ളവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവരെ തുടര്‍ പരിശോധനക്കുശേഷം ക്വാറൻറീനിലേക്ക് പറഞ്ഞയക്കും. വിമാനത്താവളത്തിൽ വെച്ചായിരിക്കും ഓരോരുത്തരും എവിടെയാണ് 14 ദിവസം ക്വാറൻറീനിൽ കഴിയേണ്ടതെന്ന് നിർദേശിക്കുക. ഇവരെ താമസ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ ഡബിള്‍ ചേംബര്‍ ടാക്‌സി കാറുകളും തയാറാക്കിയിട്ടുണ്ട്. ജില്ലയിലാകെ നാലായിരത്തിലേറെ വീടുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ക്വാറൻറീൻ നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികളും സ്വീകരിക്കും. ഇവരെ നിരീക്ഷിക്കാൻ പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന സംവിധാനവും ഒരുങ്ങുന്നുണ്ട്. വിദേശത്തുനിന്നെത്തുന്നവരുടെ വിവരങ്ങള്‍ അപഗ്രഥിക്കാനാവശ്യമായ ഉപകരണങ്ങള്‍ ക്രമീകരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളം കൂടാതെ കൊച്ചി തുറമുഖത്തും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ekg photocap കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പ്രവാസികൾ എമിഗ്രേഷനുൾപ്പെടെ നടപടികൾക്കുവേണ്ടി സാമൂഹിക അകലം പാലിക്കുന്നതിനായി ടെർമിനലിനകത്ത് അടയാളപ്പെടുത്തിയിരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.