ഉദ്യോഗസ്ഥ​െൻറ തെറ്റ്​ സർക്കാർ തിരുത്തി; സജീവന്​ ഇനി സ്വന്തം വീട്​

ഉദ്യോഗസ്ഥൻെറ തെറ്റ് സർക്കാർ തിരുത്തി; സജീവന് ഇനി സ്വന്തം വീട് പറവൂർ: ഒരു ഉദ്യോഗസ്ഥൻെറ തെറ്റായ റിപ്പോർട്ടിൽ പ്രളയാനന്തര സഹായം നഷ്ടപ്പെട്ട സജീവനെത്തേടി അവസാനം നീതിയെത്തി. 15 മാസം നീണ്ട പോരാട്ടത്തിനൊടുവിൽ വടക്കേക്കര കുഞ്ഞിത്തൈ പുഴക്കഴേത്ത് സജീവന് വീട് നിർമിക്കാൻ ധനസഹായം നൽകാൻ കലക്ടർ ഉത്തരവിട്ടു. പ്രളയത്തിൽ വീട് പൂർണമായി നശിച്ചപ്പോൾ സജീവനും കുടുംബവും സഹോദരിയുടെ വീടിൻെറ ടെറസിൽ സാരികൊണ്ട് മറയുണ്ടാക്കിയാണ് കഴിഞ്ഞിരുന്നത്. കുടുബത്തിൻെറ ദുരവസ്ഥ മാധ്യമങ്ങളിൽ വന്നതിനെത്തുടർന്ന് റവന്യൂ മന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരം സജീവനെ ചൊവ്വാഴ്ച കലക്ടറേറ്റിൽ വിളിച്ചുവരുത്തി ഡെപ്യൂട്ടി കലക്ടർ തെളിവെടുത്തു. തുടർന്ന് ബുധനാഴ്ചതന്നെ ധനസഹായം അനുവദിച്ച് കലക്ടർ ഉത്തരവിറക്കി. പെരിയാറിൻെറ കൈവഴിയായ ചെറുപുഴയിൽനിന്ന് വീട്ടിലേക്ക് വെള്ളം കയറിയപ്പോൾ സജീവൻ ഭാര്യയെയും രണ്ട് പെൺമക്കളെയും കൂട്ടി ദുരിതാശ്വാസ ക്യാമ്പിൽ അഭയം പ്രാപിച്ചിരുന്നു. തിരിച്ചെത്തിയപ്പോൾ ഓടിട്ട വീട് ഭിത്തികൾ വീണ്ടുകീറി ഏതുനിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലായി. തുടർന്നാണ് തൊട്ടടുത്ത സഹോദരിയുടെ വീടിൻെറ ടെറസിൽ സാരിമറച്ച് സജീവും കുടുംബവും താമസം ആരംഭിച്ചത്. പ്രളയ നാശനഷ്ടം വിലയിരുത്താൻ ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തിയ സംഘം വീട് പരിശോധിച്ച് പൂർണ നാശത്തിൽ ഉൾപ്പെടുത്തി. ഗ്രാമപഞ്ചായത്ത് തയാറാക്കിയ വീട് പൂർണമായി നഷ്ടപ്പെട്ടവരുടെ ലിസ്റ്റുമായി എത്തിയ ഗ്രാമപഞ്ചായത്ത് അംഗം അനിൽ ഏലിയാസ് അപകടനിലയിലായ വീട് പൊളിച്ചുമാറ്റാൻ നിർദേശിച്ചു. വീട് പൊളിച്ചുനീക്കിയ ശേഷമാണ് ലിസ്റ്റ് പുനഃപരിശോധിക്കാൻ സർക്കാർ ഉത്തരവായത്. പുനഃപരിശോധനക്ക് എത്തിയ റവന്യൂ ഉദ്യോഗസ്ഥൻെറ റിപ്പോർട്ടാണ് സജീവന് ആനുകൂല്യം നിഷേധിക്കപ്പെടാൻ കാരണമായത്. വീട് പ്രളയത്തിനുമുമ്പ് പൊളിച്ചുനീക്കി എന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ആനുകൂല്യം നഷ്ടപ്പെട്ട സജിവൻ മുട്ടാത്ത വാതിലുകളില്ല. പ്രളയ സമയത്തെ വിഡിയോ ക്ലിപ് ഉൾപ്പെടെ നൽകിയിട്ടും ഉദ്യോഗസ്ഥവൃന്ദം തെറ്റായ നിലപാട് പിൻതുടർന്നു. കൂലിപ്പണിക്കാരനായ സജീവന് ഹൃദ്രോഗത്തെതുടർന്ന് ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണ്. ഭാര്യ ബേബി എസ്.എൻ.ഡി.പി ശാഖയിൽ ചിട്ടി കലക്ഷനുപോയി ലഭിക്കുന്ന ചെറിയ തുക കൊണ്ടാണ് മരുന്ന് വാങ്ങുന്നത്. ഒരു മകളെ വിവാഹം ചെയ്തയച്ചു. മറ്റൊരു മകൾ ഡിഗ്രിക്ക് പഠിക്കുന്നു. പെരുവഴിയിലായ തനിക്ക് നീതി ലഭിക്കാൻ കൂട്ടുനിന്നവർക്ക് നന്ദി പറയുകയാണ് ഇന്ന് സജീവൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.