തൂക്കിനോക്കി മൃതദേഹം നാട്ടിലെത്തിക്കുന്ന രീതി അവസാനിപ്പിച്ചു -വി. മുരളീധരൻ

കൊച്ചി: തൂക്കിനോക്കി മൃതദേഹം നാട്ടിലെത്തിക്കുന്ന രീതി രണ്ടുമാസത്തിനിടെ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പ്രവ ാസികാര്യ സഹമന്ത്രി വി. മുരളീധരൻ. താൻ ചുമതലയേറ്റ ശേഷം എടുത്ത ആദ്യ തീരുമാനങ്ങളിലൊന്നാണത്. വിദേശത്തുനിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുേമ്പാൾ തൂക്കംനോക്കി നിരക്ക് നിശ്ചയിക്കുന്ന മോശം രീതി അവസാനിപ്പിച്ചിരിക്കുകയാണ്. പ്രവാസി ലീഗൽ സെൽ ദശാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി. മുരളീധരൻ. ഓണക്കാലത്ത് ഗൾഫ് നാടുകളിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവിസ് നടത്തും. ഇത് മറ്റ് ഉത്സവകാലങ്ങളിലും അവധിദിനങ്ങളിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിലും മറ്റുംപെട്ട് ജയിലുകളിൽ കഴിയുന്നവർക്ക് ശേഷിക്കുന്ന ശിക്ഷകാലാവധി ഇന്ത്യൻ ജയിലുകളിൽ തുടരാൻ ആവശ്യമായ അന്തർദേശീയ ഉടമ്പടി കേന്ദ്രസർക്കാർ താമസിയാതെ ഒപ്പുവെക്കും. 60 രാജ്യങ്ങളുമായി അത്തരം ഉടമ്പടികൾ നിലവിലുണ്ട്. അത് മാതൃകയാക്കാനാണ് തീരുമാനം. ഈ നീക്കത്തോട് വിദേശങ്ങളിൽ തടവിൽ കഴിയുന്ന പലരും അനുകൂല നിലപാട് അറിയിച്ചിട്ടില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമത്തിൽ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി സർക്കാറിൻെറ ഏകപക്ഷീയ നിലപാടല്ല. അത് വിവരാവകാശ കമീഷണറുടെ പദവിയുമായി ബന്ധപ്പെട്ടുവന്ന പരിഷ്കരണമാണ്. ആ നിയമത്തിൽ ഒരുവിധത്തിലുമുള്ള വെള്ളംചേർക്കൽ നടന്നിട്ടില്ല. പ്രവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന എമിഗ്രേഷൻ നിയമത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരും. സമ്പദ്ഘടനയുടെ അടിത്തറയായ പ്രവാസികളുടെ ക്ഷേമത്തിന് അർഹമായ പരിഗണന ലഭിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങൾക്ക് സർക്കാർ പരിഗണന നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രസിഡൻറ് ഡി.ബി. ബിനു അധ്യക്ഷത വഹിച്ചു. ഒരുവർഷം നീളുന്ന ദശാബ്ദിയാഘോഷങ്ങളുടെ ലോഗോ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും ഏർെപ്പടുത്തിയ പുരസ്കാരങ്ങൾ മനുഷ്യാവകാശ കമീഷൻ അംഗം പി. മേഹൻദാസിനും മനോരമ ന്യൂസ് പ്രൊഡ്യൂസർ അഭിലാഷ് പി. ജോണിനും മന്ത്രി സമ്മാനിച്ചു. ലീഗൽ സെൽ ദേശീയ പ്രസിഡൻറ് ജോസ് എബ്രഹാം, ജസ്റ്റിസ് സി.എസ്. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.