മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി നദികൾ

ചെങ്ങന്നൂർ: നദികൾ മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി മാറുന്നു. പമ്പയാർ, അച്ചൻകോവിൽ, കുട്ടമ്പേരൂർ തുടങ്ങിയ ജലസ്രോത സ്സുകളെല്ലാം മലിനമായിക്കഴിഞ്ഞു. എം.സി റോഡിനും നാഷനൽ ഹൈവേക്കും സമാന്തരമായ തിരുവല്ല-കായംകുളം റോഡിലെ ചെന്നിത്തല ചെറുകോൽ പ്രായിക്കര പാലത്തിൽനിന്നും മാന്നാർ-തട്ടാരമ്പലം റൂട്ടിലെ വലിയ പെരുമ്പുഴ പാലത്തിൽനിന്നും മുണ്ടുവേലിക്കടവ് പാലത്തിൽനിന്നും അച്ചൻകോവിൽ ആറ്റിലേക്ക് വലിച്ചെറിയുന്ന അറവുമാലിന്യമടക്കം ജലത്തിൽ നിറഞ്ഞിരിക്കുന്നു. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിൽനിന്നുള്ള മുടി, ബ്ലെയിഡ്, ഡൈ എന്നിവ പാലം, തോട്, കലുങ്കുകൾ എന്നിവക്കുസമീപം വലിച്ചെറിയുന്നത് പതിവായിരിക്കുന്നു. രാത്രി കായംകുളം ഉൾെപ്പടെ സമീപപ്രദേശങ്ങളിലെ അറവുശാലകളിൽനിന്നും കോഴിഫാമുകളിൽനിന്നും മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് ആറ്റിലേക്ക് തള്ളുകയാണ്. ചിലഭാഗങ്ങളിൽ ആറ്റിലേക്ക് ചാഞ്ഞ കമ്പുകളിൽതട്ടി മാലിന്യം കുമിഞ്ഞിരിക്കുന്നു. പാലങ്ങളിലെ തെരുവുവിളക്കുകൾ തെളിയാത്തതും അതുകൊണ്ടുതന്നെ ജനങ്ങളുടെ ശ്രദ്ധ പതിയാത്തതും മാലിന്യം എറിയുന്നവർക്ക് അനുഗ്രഹമാകുന്നു. വേനലിൽ നുറുകണക്കിനു കുടുംബം ആശ്രയിക്കുന്ന ജലമാണിത്. ഇത്തരം പ്രവണത വർധിച്ചതോടെ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങുന്ന പലർക്കും ചൊറിച്ചിൽ അനുഭവപ്പെടുകയാണ്. പ്രദേശവാസികൾ രാത്രി മാലിന്യംതള്ളുന്നവരെ പിടികൂടാൻ ഇറങ്ങിയിരുന്നു. എന്നാൽ, ക്രിമിനൽപശ്ചാത്തലമുള്ളവരെയാണ് മാലിന്യംതള്ളാൻ നിയോഗിക്കുന്നത് എന്നതിനാൽ ജനങ്ങൾക്ക് ഭയമാണ്. വലിയപെരുംപുഴ പാലത്തിൽ ഇതുസംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പഞ്ചായത്തിൽ ഈ വിഷയം അറിയിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പ്രധാനഭാഗങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന് ജനപ്രതിനിധികൾതന്നെ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.