പറശ്ശിനിക്കടവ് ക്ഷേത്രം: കാണിക്കയും ദക്ഷിണയും പ്രത്യേകം നിക്ഷേപിക്കാൻ സംവിധാനം വേണമെന്ന്​ ഹൈകോടതി

കൊച്ചി: കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സോപാനത്തിൽ കാണിക്കയും ശാന്തിക്കാർക്കുള്ള ദക്ഷിണയും പ്രത്യേകം നിക്ഷേപിക്കാൻ സംവിധാനമുണ്ടാക്കണമെന്ന് ഹൈകോടതി. ഭക്തർ നൽകുന്ന പണം ഒന്നിച്ച് ശേഖരിക്കാതെ കാണിക്കയും ദക്ഷിണയുമാക്കി തരം തിരിച്ച് ലഭ്യമാക്കാൻ സൗകര്യമൊരുക്കാനാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. ഇതിന് സോപാനത്തിൽ രണ്ടിടത്തായി പ്രത്യേകം കുംഭങ്ങളോ ഉരുളികളോ വെക്കണം. കാണിക്ക ഏതെന്നും ദക്ഷിണ ഏതെന്നും ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും പ്രേത്യകം എഴുതിവെക്കണമെന്നും ഉത്തരവിൽ പറയുന്നു. ദക്ഷിണയും കാണിക്കയും തമ്മിെല വേർതിരിവ് സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പറശ്ശിനിക്കടവ് കണ്ണോത്ത് കുടുംബത്തിലെ കാരണവരായ പി.എം. സുഗുണനടക്കം മൂന്നുപേർ നൽകിയ ഹരജിയിലാണ് നടപടി. സോപാനത്തിൽ ഭക്തർ നിക്ഷേപിക്കുന്ന പണം മടയന്മാർ എന്ന ശാന്തിക്കാർ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി 2009ൽ മലബാർ ദേവസ്വം കമീഷണർ ഉത്തരവ് നൽകിയിരുന്നു. ക്ഷേത്ര ചുമതലയുള്ള കൊവ്വാൽ, കണ്ണോത്ത്, വാടിക്കൽ കുടുംബങ്ങളിലെ ശാന്തിക്കാരാണ് മടയന്മാർ. സോപാനത്തിൽ ഭക്തർ സമർപ്പിക്കുന്ന പണം തങ്ങൾക്ക് നൽകുന്ന ദക്ഷിണയാണെന്നാണ് ഹരജിക്കാരുടെ വാദം. എന്നാൽ, ഭക്തർ മുത്തപ്പന് സമർപ്പിക്കുന്ന കാണിക്ക ക്ഷേത്രഫണ്ടാണെന്ന് മലബാർ ദേവസ്വം അധികൃതർ വിശദീകരിക്കുന്നു. വിവിധ മതവിഭാഗങ്ങളിലുള്ളവർ ആരാധനക്ക് എത്തുന്ന ഇവിടെ പ്രതിവർഷം രണ്ടു കോടിയിലേറെ രൂപ വരുമാനമുണ്ട്. ക്ഷേത്രത്തിൽ സമർപ്പിക്കുന്ന പണം കാണിക്കയാണോ ദക്ഷിണയാണോ എന്ന് തീരുമാനിക്കേണ്ടത് ഭക്തരാണെന്ന് കോടതി വിലയിരുത്തി. ഒാരോ ദിവസവും മടയൻ, ദേവസ്വം അധികൃതർ, ഭക്തരുടെ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിൽ തുക എണ്ണി തിട്ടപ്പെടുത്തണം. കാണിക്കയായി ലഭിക്കുന്ന തുക ക്ഷേത്ര ഫണ്ടായി ഉപയോഗിക്കാം. ദക്ഷിണയായി ലഭിക്കുന്ന തുക ക്ഷേത്രത്തി​െൻറ കൈകാര്യച്ചുമതലയുള്ള മൂന്ന് കുടുംബങ്ങൾക്കായി വീതിച്ചുനൽകണമെന്നും വിധിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.