ഓൺലൈൻ ബാങ്കിങ് തട്ടിപ്പ്​: നഷ്​ടമായ 1.66 ലക്ഷം മണിക്കൂറുകൾക്കകം തിരികെ പിടിച്ചു

കൊച്ചി: ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിലൂടെ നഷ്ടമായ 1.66 ലക്ഷം രൂപ മണിക്കൂറുകള്‍ക്കകം തിരികെ പിടിച്ച് സൈബര്‍ പൊലീസ്. ഫോൺ ചെയ്ത അപരിചിതന് വൺ ടൈം പാസ്വേർഡ് കൈമാറിയതിനെത്തുടർന്ന് വീട്ടമ്മക്ക് നഷ്ടമായ പണമാണ് പൊലീസ് തിരികെ പിടിച്ചത്. എറണാകുളം ദര്‍ബാര്‍ ഹാള്‍ റോഡിലെ ലോട്ടസ് അപ്പാര്‍ട്മ​െൻറില്‍ താമസിക്കുന്ന വീട്ടമ്മയുടെ അക്കൗണ്ടില്‍നിന്നാണ് പണം തട്ടിയത്. ഫോണ്‍ വിളിക്ക് പിന്നാലെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം വന്നു. തുടര്‍ന്ന് യുവതി ബാങ്കിനെ സമീപിക്കുകയും കൊച്ചി സിറ്റി സൈബര്‍ സെല്ലില്‍ നേരിട്ടെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടൻ അന്വേഷണം വ്യാപിപ്പിച്ച സൈബര്‍ സെല്‍ പണം ട്രാന്‍സ്ഫറായത് ഇ-കോമേഴ്‌സ് സൈറ്റുകളായ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയിലേക്കാണെന്ന് മനസ്സിലാക്കി. ആപ്പിളി​െൻറ ഏറ്റവും പുതിയ മോഡല്‍ ഓര്‍ഡര്‍ ചെയ്യാനാണ് തട്ടിപ്പുകാര്‍ പണം ഉപയോഗിച്ചത്. ഉടന്‍ സൈബര്‍സെല്‍ ഓണ്‍ലൈന്‍ സൈറ്റുകളുമായി ബന്ധപ്പെട്ട് ഓര്‍ഡര്‍ റദ്ദാക്കി. പിന്നാലെ യുവതിയുടെ അക്കൗണ്ടില്‍ തുക തിരികെയെത്തി. ഡല്‍ഹിയില്‍നിന്നാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചതെന്ന് സൈബര്‍ പൊലീസ് പറഞ്ഞു. ഐഫോണ്‍ ഓര്‍ഡര്‍ ചെയ്യാനായി തട്ടിപ്പുകാര്‍ ഉപയോഗിച്ച വിലാസവും വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച നമ്പറും കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സെന്‍ട്രല്‍ പൊലീസിന് കൈമാറുമെന്നും സൈബര്‍ സെല്‍ അറിയിച്ചു. ഈ വിലാസം വ്യാജമായിരിക്കുമെന്നാണ് സൈബര്‍ സെൽ നിഗമനം. സമാന തട്ടിപ്പുകള്‍ രാജ്യവ്യാപകമായി വര്‍ധിച്ചതായും ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു. ആധാര്‍ ലിങ്കിങ്, എ.ടി.എം/ക്രഡിറ്റ് കാര്‍ഡ് പുതുക്കല്‍, റിവാര്‍ഡ് പോയൻറ് റെഡീം തുടങ്ങിയ പേരിലാണ് തട്ടിപ്പ്. എ.ടി.എം കാര്‍ഡ് നമ്പര്‍, കാര്‍ഡി​െൻറ പിറകില്‍ വലത് വശത്ത് രേഖപ്പെടുത്തിയിട്ടുള്ള മൂന്നക്ക നമ്പര്‍ (സി.വി.വി), ഒ.ടി.പി തുടങ്ങിയവ ഒരുകാരണവശാലും ആരുമായും പങ്കുവെക്കുകയോ സുരക്ഷിതമല്ലാത്ത സൈറ്റുകളില്‍ പണമിടപാട് നടത്തുകയോ ചെയ്യരുതെന്നും പൊലീസ് നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.