പ്ലാസ്​റ്റിക് മാലിന്യ ശേഖരണ പദ്ധതി അവതാളത്തിൽ

ജീവനക്കാർക്ക് ആവശ്യമായ വേതനം ലഭിക്കുന്നില്ല പറവൂർ: ഏറെ കൊട്ടിഗ്ഘോഷിക്കപ്പെട്ട് നടപ്പാക്കിയ നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണ പദ്ധതി അവതാളത്തിൽ. പദ്ധതി നടത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ പണം നൽകുന്നതിന് ഇതി​െൻറ ഗുണഭോക്താക്കൾ തയാറാകാത്തതാണ് പ്രധാന കാരണം. 'പ്ലാൻ അറ്റ് എര്‍ത്ത്' എന്ന സന്നദ്ധ സംഘടനയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭ അതിർത്തിയിലെ 5200 വീടുകളിൽനിന്ന് മാസത്തിൽ ഒരിക്കലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത്. മാലിന്യങ്ങൾ കൊണ്ടുപോകുന്നതിന് ഒരു വീട്ടുകാരൻ 30 രൂപയാണ് നൽകേണ്ടത്. എന്നാൽ, പകുതിയോളം വീടുകളിൽനിന്ന് മാലിന്യങ്ങളും പണവും ലഭിക്കുന്നില്ല. ചിലർ ഈ മാസം ഇല്ലെന്ന് പറയും. തൊട്ടടുത്ത മാസം രണ്ടുമാസത്തെ മാലിന്യങ്ങൾ ഒരുമിച്ച് നൽകി 30 രൂപ മാത്രം അടക്കുകയും ചെയ്യുന്ന തന്ത്രമാണ് ഗുണഭോക്താക്കൾ പയറ്റുന്നത്. മാലിന്യങ്ങൾ ശേഖരിച്ചാൽ 52 ഇനങ്ങളാക്കി തരംതിരിച്ചാണ് കൊണ്ടുപോകുന്നത്. അതിൽ 45 ഇനങ്ങൾക്കാണ് പണം ലഭിക്കുക. 20 താൽക്കാലിക ജീവനക്കാരുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. ഇവരുടെ ശമ്പളവും ഇത് കൊണ്ടുപോകുന്നതിനുള്ള െചലവും മാലിന്യങ്ങൾ വിറ്റുകിട്ടുന്ന തുകയെക്കാൾ വളരെയേറെ കൂടുതലാണ്. പദ്ധതി ഉടൻ അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. അധികം െചലവാകുന്ന തുക നഗരസഭ പ്ലാൻ അറ്റ് എർത്തിന് നൽകേണ്ടിവരുന്നു. മൂന്നുമാസമായി ഒരു ലക്ഷം രൂപ വീതം കൊടുക്കുന്നുണ്ട്. മറ്റു പല നഗരസഭകളിലും മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വീടുകളിൽനിന്ന് 50 രൂപ ഈടാക്കുന്നുണ്ട്. കുറഞ്ഞ തുകക്ക് മാലിന്യങ്ങൾ ശേഖരിച്ചിട്ടുപോലും കൃത്യമായി ആളുകൾ പണം നൽകാത്തത് പ്രതിസന്ധിയുണ്ടാക്കുന്നു. ജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ മാത്രമേ പദ്ധതി തുടർന്നുകൊണ്ടുപോകാൻ കഴിയൂവെന്ന് നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.