പി ആൻഡ്​ ടി കോളനിവാസികളെ ജി.സി.ഡി.എ പുനരധിവസിപ്പിക്കും

കൊച്ചി: പേരണ്ടൂർ കനാൽ പുറേമ്പാക്കിലെ പി ആൻഡ് ടി കോളനിവാസികളുടെ പുനരധിവാസത്തിന് വഴിയൊരുങ്ങി. കോളനിവാസികളെ പുനരധിവസിപ്പിക്കാന്‍ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. നഗരപരിധിക്കുള്ളില്‍ ജി.സി.ഡി.എയുടെ കൈവശമുള്ള 35 സ​െൻറിൽ നടപ്പാക്കുന്ന പദ്ധതിയില്‍ കോളനിയില്‍ നിലവില്‍ താമസിക്കുന്ന 85 കുടുംബങ്ങള്‍ക്കും പാര്‍പ്പിടസൗകര്യം ലഭിക്കുമെന്ന് ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജി.സി.ഡി.എയുടെ ബജറ്റില്‍ പ്രഖ്യാപിച്ച ചേരിനിര്‍മാർജന പദ്ധതിയുടെ ഭാഗമാണ് പി ആൻഡ് ടി കോളനി പുനരധിവാസം. സര്‍ക്കാറി​െൻറ ലൈഫ് പദ്ധതിയില്‍നിന്ന് പാര്‍പ്പിട നിര്‍മാണത്തിന് പകുതി തുക ലഭിക്കും. ബാക്കിതുക തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിലെന്നപോലെ പദ്ധതിവിഹിതമായി അനുവദിക്കണമെന്ന അപേക്ഷയില്‍ സർക്കാറിൽനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പി ആൻഡ് ടി കോളനിയിലെ പരിതാപകരമായ സ്ഥിതി മൂലം കൊച്ചി നഗരസഭയില്‍ 63ാം ഡിവിഷനായ ഗാന്ധി നഗറിനെ വെളിയിട വിസര്‍ജന വിമുക്തമായി പ്രഖ്യാപിക്കാനാകാത്ത സാഹചര്യമാണുള്ളത്. കോളനിയിലെ വീടുകളില്‍നിന്നുള്ള കക്കൂസ് മാലിന്യം നേരിട്ട് പേരണ്ടൂര്‍ കനാലിലേക്കാണ് ഒഴുകുന്നത്. വേലിയേറ്റത്തിലും മഴക്കാലത്തും മാലിന്യം വീടുകളിലേക്ക് കയറുന്നു. കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കരി ഓയില്‍ കലര്‍ന്ന വെള്ളവും മാലിന്യവും പേരണ്ടൂര്‍ കനാല്‍ വഴി വീടുകളിലേക്ക് കയറുന്നതും പതിവാണ്. നഗരത്തില്‍ പലതരത്തിെല ജോലി ചെയ്ത് ജീവിക്കുന്ന കോളനിവാസികളെ മറ്റുസ്ഥലങ്ങളില്‍ പുനരധിവസിപ്പിക്കുന്നത് അപ്രായോഗികമാണെന്നതിനാലാണ് നഗരപരിധിക്കുള്ളില്‍ ജി.സി.ഡി.എയുടെ സ്ഥലംതന്നെ ഇതിന് പ്രയോജനപ്പെടുത്തുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഏഴ് കോടിയോളം വിപണിമൂല്യമുള്ള സ്ഥലമാണ് ഇതിന് ജി.സി.ഡി.എ നല്‍കുന്നത്. ലൈഫ് പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും 400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പാര്‍പ്പിടം ലഭിക്കും. പേരണ്ടൂര്‍ കനാലി​െൻറ തോട് പുറമ്പോക്കിനും കനാലിനും പി ആൻഡ് ടി ഗോഡൗണി​െൻറ മതിലിനുമിടയിലായാണ് 85 കുടുംബങ്ങളിലായി 280 പേരോളം താമസിക്കുന്നത്. 2008ല്‍ കോര്‍പറേഷന്‍ എതിര്‍കക്ഷിയായ കേസില്‍ ഈ കോളനി പൊളിച്ചുമാറ്റാന്‍ ഹൈേകാടതി ഉത്തരവിട്ടിരുന്നു. എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞുപോകാമെന്ന സത്യവാങ്മൂലത്തി​െൻറ അടിസ്ഥാനത്തിലാണ് കോളനിവാസികള്‍ ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. പുനരധിവാസം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കോളനിവാസികൾ മേയറെ കാണാൻ എത്തിയിരുന്നു. എന്നാൽ, മേയർ ഒാഫിസിൽ എത്താതിരുന്നതിനാൽ ഇവർക്ക് കാണാൻ കഴിഞ്ഞില്ല. തുടർന്ന് ഒാഫിസിനുമുന്നിൽ പ്രതിഷേധിച്ചിട്ടാണ് ഇവർ മടങ്ങിയത്. കോളനിക്ക് സമീപത്തെ സിലിക്കോണി​െൻറ സ്ഥലം വാങ്ങി കോളനിവാസികളെ അവിടെ പുനരധിവസിപ്പിക്കാൻ കോർപറേഷന് പദ്ധതിയുണ്ട്. വിഷയം അടുത്ത കൗൺസിൽ യോഗത്തിൽ പരിഗണനക്ക് വരുന്നുണ്ട്. അതിനിടെയാണ് ജി.സി.ഡി.എ കോളനിവാസികൾക്ക് പുനരധിവാസപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. വാർത്തസമ്മേളനത്തിൽ കൗൺസിലൽ പൂർണിമ നാരായണൻ, സെക്രട്ടറി ജോസഫ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.