പൊലീസ് ജീപ്പ് ബൈക്കിലിടിച്ച സംഭവം: പരിക്കേറ്റ യുവാവിനെതിരെ കേസെടുത്ത നടപടി പിൻവലിക്കണം

മൂവാറ്റുപുഴ: പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് ഗുരുതര പരിക്കേറ്റ യുവാവിനെതിരെ കേസെടുത്ത നടപടി പിൻവലിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരെ സസ്പെൻഡ് ചെയ്യണമെന്നും കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പി.പി. എൽദോസ് ആവശ്യപ്പെട്ടു. മൂവാറ്റുപുഴ എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന തമ്പാനെയാണ് (32) കഴിഞ്ഞ ദിവസം പൊലീസ് ജീപ്പ് ഇടിച്ചുവീഴ്ത്തിയത്. മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയുടെ മുന്നിലുള്ള റോഡിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടന്ന് അതിവേഗത്തിലെത്തിയ പൊലീസ് ജീപ്പ് ബൈക്കിൽ ഇടിച്ചതിന് നാട്ടുകാർ ദൃക്സാക്ഷികളാണ്. സമീപത്തെ കാമറ ദൃശ്യങ്ങളിലും സംഭവം പതിഞ്ഞിട്ടുണ്ട്. ഗുരുതര പരിക്കേറ്റ തമ്പാനെ സമീപത്തെ ആശുപത്രിയിലെത്തിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥർ പിന്നീട് തിരിഞ്ഞ് നോക്കിയില്ല. പരിക്ക് ഗുരുതരമായതിനാൽ തമ്പാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് തമ്പാനെ പ്രതിയാക്കി കേസെടുത്ത് സ്വയം രക്ഷപ്പെടാൻ പൊലീസ് തയാറാത്. വാദിയെ പ്രതിയാക്കി കേസെടുത്ത ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്തി മാതൃകപരമായി ശിക്ഷിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എൽദോസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.