കുമ്പളത്ത് വീപ്പക്കുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഉൗർജിതം

നെട്ടൂർ: കുമ്പളം ശാന്തിതീരം പൊതുശ്മശാനത്തോട് ചേർന്ന് കായൽ തീരത്ത് പ്ലാസ്റ്റിക് വീപ്പയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. കൊല്ലപ്പെട്ട യുവതിയെക്കുറിച്ചും കൊലപാതകം നടത്തിയവരെക്കുറിച്ചും ചില സൂചനകൾ ഇതിനകം പൊലീസിന് ലഭിച്ചതായാണ് വിവരം. ആലപ്പുഴയിലെ പാം ഫൈബർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കുമ്പളത്തെ ഭൂമിയിലാണ് വീപ്പയിൽ കോൺക്രീറ്റിട്ട് നിറച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയത്. സൗത്ത് സി.െഎ സിബി ടോമി​െൻറ നേതൃത്വത്തിലാണ് അന്വേഷണം. ചൊവ്വാഴ്ച പൊലീസ് ഉന്നതാധികൃതരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അന്വേഷണം നടത്തേണ്ട ദിശയും ചോദ്യം ചെയ്യേണ്ട വ്യക്തികളെ കുറിച്ചുമുള്ള രൂപരേഖയും തയാറാക്കി. കൂടാതെ പോസ്റ്റ്മോർട്ടത്തി​െൻറ പ്രാഥമിക വിവരവും പൊലീസ് പുറത്തുവിട്ടു. മുപ്പത് വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹം. ഇടത് കണങ്കാലിൽ ഓപറേഷൻ കഴിഞ്ഞ് സ്റ്റീൽ റാഡ് ഇട്ടിട്ടുണ്ട്. ഇത് ഉറച്ചിട്ടുമില്ല. ഇത് ഉറച്ചു കിട്ടാൻ ഓപറേഷൻ കഴിഞ്ഞ് ആറുമാസമെങ്കിലും വേണം. ആളെ തിരിച്ചറിയാൻ ഇൗ വിവരം സഹായകമാകുമെന്നാണ് പൊലീസി​െൻറ വിലയിരുത്തൽ. സംസ്ഥാനത്തെ സ്റ്റേഷനുകളിൽ ലഭിച്ച സ്ത്രീകളെ കാണാതായ പരാതികളുടെ വിവരം ശേഖരിക്കുകയാണ്. അതേസമയം വീപ്പയെക്കുറിച്ച് സംശയവും ദുരൂഹതയും ഉളവാക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട സമീപവാസിയെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു. കൂടാതെ മൃതദേഹം കണ്ടെത്തിയ വീപ്പക്ക് സമാനമായ വീപ്പ സമീപത്തെ കോൺക്രീറ്റ് മിക്സിങ് യൂനിറ്റിൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.