മൂവാറ്റുപുഴ മേഖലയിലെ ഇഷ്​ടികക്കളങ്ങൾ പൂട്ടി

മൂവാറ്റുപുഴ: ജി.എസ്.ടിക്ക് പുറമെ കളിമണ്ണ് കിട്ടാതായതോടെ മൂവാറ്റുപുഴ മേഖലയിലെ ഇഷ്ടിക കളങ്ങൾ പൂട്ടി. പാരിസ്ഥിതിക പ്രശ്നങ്ങളെ തുടർന്ന് കളിമണ്ണ് എടുക്കുന്നതിന് നിരോധനം വന്നതോടെ ലഭ്യത കുറഞ്ഞതും, മൂല്യവർധിത നികുതി ഏർപ്പെടുത്തിയതുമാണ് ഇഷ്ടിക നിർമാണ യൂനിറ്റുകൾക്ക് വിനയായത്. നേരേത്ത ആവശ്യത്തിന് കളിമണ്ണ് ലഭിച്ചിരുന്നെങ്കിലും നിരോധനം വന്നതോടെ മണ്ണിന് വിലയുയർന്നു. മണ്ണ് കിട്ടാതായതോടെ കഴിഞ്ഞ മാസം പകുതിയോടെ ഇവർ പണി നിർത്തിവെച്ചു. ഇത് യൂനിറ്റുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും അടച്ചുപൂട്ടലിൽ എത്തുകയുമായിരുന്നു. യൂനിറ്റുകൾ പൂട്ടിയതോടെ സ്ത്രീകളടക്കം നൂറോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. വാളകം പഞ്ചായത്തിലെ പെരുവുംമൂഴി മേഖലകളിൽ പത്തോളം ഇഷ്ടിക നിർമാണ യൂനിറ്റുകളാണ് പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നുള്ള ഇഷ്ടികയാണ് ജില്ലയുടെ കിഴക്കൻ മേഖലകളിലേക്കടക്കം നിർമാണ പ്രവർത്തനങ്ങൾക്ക് കൊണ്ടുപോയിരുന്നത്. അഞ്ച് പതിറ്റാണ്ട് മുമ്പാണ് പെരുവുംമൂഴിയിലെ പാടശേഖരങ്ങൾ കേന്ദ്രീകരിച്ച് ഇഷ്ടികകളങ്ങൾ തുടങ്ങിയത്. ജലലഭ്യതയും, സ്ഥലസൗകര്യങ്ങളുമാണ് ഇവിടെ ഇത്രയധികം ഇഷ്ടികക്കളങ്ങൾ ഉയർന്നു വരാൻ കാരണമായത്. ഇതുവരെ മുടക്കമില്ലാതെ പ്രവർത്തിച്ച കളങ്ങൾ പൂട്ടിയതോടെ ഇതിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. നിയന്ത്രണങ്ങൾക്ക് വിധേയമായി ഇഷ്ടികക്കളങ്ങളിലേക്ക് മണ്ണെടുക്കാൻ അനുമതി നൽകണമെന്ന ആവശ്യമാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.