ഇളന്തിക്കര- ^കോഴിത്തുരുത്ത് ബണ്ട് പൊട്ടി ഒലിച്ചുപോയ കരഭാഗം മണലടിച്ച് നിരപ്പാക്കി

ഇളന്തിക്കര- -കോഴിത്തുരുത്ത് ബണ്ട് പൊട്ടി ഒലിച്ചുപോയ കരഭാഗം മണലടിച്ച് നിരപ്പാക്കി പറവൂർ: പുത്തൻവേലിക്കരയിലെ ഇളന്തിക്കര - കോഴിത്തുരുത്ത് മണൽ ബണ്ട് കൂട്ടിയോജിപ്പിക്കുന്നതിനിടെ കരഭൂമി തള്ളിപ്പോയ സ്ഥലം മണലടിച്ച് നിരപ്പാക്കി. ബുധനാഴ്ച രാത്രി പത്തോടെയാണ് പുതുതായി നിർമിച്ച മണൽ ബണ്ട് പൊട്ടി പ്രദേശത്ത് വെള്ളം കയറി കരപ്രദേശം ഒലിച്ചുപോയത്. തകർന്ന മണൽബണ്ട് കരയുമായി യോജിപ്പിക്കുന്നതിനിടെ തറമ്മൽ സജിയുടെ വസ്തുവിലേക്കാണ് കഴിഞ്ഞദിവസം പുഴയില്‍നിന്ന് വെള്ളം കയറിയത്. ഇതോടെ കരഭൂമി ഇടിഞ്ഞു. ഒഴുക്കി​െൻറ ശക്തിയിൽ തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി. കരഭാഗം തള്ളിപ്പോയ സ്ഥലം മണലടിച്ച് നിരപ്പാക്കിയതിനെത്തുടർന്ന് ബണ്ട് കരയുമായി കൂട്ടിയോജിപ്പിച്ചു. ഓല ഉപയോഗിച്ച് കെട്ടി ബണ്ട് ബലപ്പെടുത്തുന്ന ജോലികൾ രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാകും. മണൽ ബണ്ട് ഡ്രഡ്ജർ ഉപയോഗിച്ച് കൂടുതൽ മണ്ണിട്ട് ഉയർത്തി. കൂടുതൽ കരഭാഗം വെള്ളപ്പാച്ചിലിൽ ഒലിച്ചുപോകാതിരിക്കാൻ രാത്രിതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നു. പെരിയാറിൽനിന്ന് ചാലക്കുടിയാറിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ നിർമിച്ച ബണ്ടാണ് കഴിഞ്ഞദിവസം വേലിയേറ്റത്തിൽ പൊട്ടിയത്. മൂന്നിടത്തുനിന്ന് മണ്ണ് ഒലിച്ചുപോയത്. ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ പി. ഡി. ഷീലാദേവി, പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡൻറ് പി.വി. ലാജു, മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ തകർന്ന ബണ്ട് സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് ഡ്രഡ്ജ് ചെയ്ത് മണൽ ബണ്ട് യോജിപ്പിക്കലും ഉയരം കൂട്ടലും നടത്തിവരികയായിരുന്നു. ഇതിനിടെ ഏതാനും സമയം ഡ്രഡ്ജർ തകരാറിലായി. വീണ്ടും ഡ്രഡ്ജ് ചെയ്യുന്നതിനിടെ പൈപ്പുകൾ തെറിച്ചുപോയത് പണി സ്തംഭിപ്പിച്ചു. വേലിയേറ്റം ശക്തിപ്പെട്ടതോടെ ബണ്ട് ഇളന്തിക്കര ഭാഗത്ത് കരഭൂമിയായി കൂട്ടിയോജിപ്പിക്കുന്ന ഭാഗം വെള്ളത്തി​െൻറ ഒഴുക്കിൽ ഒലിച്ചുപോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.