പറയെടുപ്പിനിടെ കൊമ്പൻ ഇടഞ്ഞു; ചേർത്തല നഗരം ഭീതിയിലായി

ചേർത്തല: പറയെടുപ്പിനിടെ ആന ഇടഞ്ഞത് ചേർത്തലയെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി. വാരനാട് ദേവീക്ഷേത്രത്തിലെ പറയെടുപ്പിനിടെ പാല വേണാട്ടുമഠം ശ്രീകുമാർ എന്ന ആനയാണ് ഇടഞ്ഞത്. ചക്കരക്കുളം കൊയ്ത്തുരുത്തിവെളി ക്ഷേത്രത്തിന് സമീപം പറയെടുത്തശേഷം മടങ്ങാൻ ഒരുങ്ങവെ ഞായറാഴ്ച ഉച്ചയോടെയാണ് ആന ഓട്ടം തുടങ്ങിയത്. ആനയുടെ പുറത്ത് തിടമ്പുമായി ഇരുന്ന കണ്ണൻ പോറ്റി ഇതിനിടെ ചാടി രക്ഷപ്പെട്ടു. തുടർന്ന് സമീപത്തെ വീടുകളിലൂടെയും പറമ്പിലൂടെയും ഓടിയ ആന എക്സ്റേ, പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ്, ആഞ്ഞിലിപ്പാലം, വല്ലയിൽ വഴി പുരുഷൻ കവലക്ക് സമീപമെത്തി. പിന്നീട് ചേർത്തല എക്സ്റേ വടക്ക് പദ്മാലയം എസ്. മുരളിയുടെ വീട്ടുവളപ്പിലൂടെ ഓടി മതിൽ പൊളിച്ച് പുറത്തുകടന്നു. ദേശീയപാത മൂന്നുതവണ ആന മുറിച്ചുകടന്നതോടെ പൊലീസ് ഇടപെട്ട് വാഹനങ്ങൾ തടഞ്ഞു. ഇതോടെ അരമണിക്കൂറോളം ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. റോഡിലൂടെയും വീടുകൾ കയറിയും ആന ഓടിയെങ്കിലും ആരെയും ഉപദ്രവിച്ചില്ല. ആനക്കൊപ്പം പാപ്പാന്മാരും ഓടി. പുരുഷൻ കവലക്ക് സമീപം വൈദ്യുതി പോസ്റ്റിൽ ആദ്യം തളച്ചശേഷം സമീപത്തെ പുരയിടത്തിലേക്ക് മാറ്റുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ആനയെ കുളിപ്പിക്കുകയും ചെയ്തു. പിന്നീട് ആനയെ പാലായിലേക്ക് ലോറിയിൽ കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.