അനിശ്ചിത കാലത്തേക്ക് മത്സ്യബന്ധനം നിർത്തിവെക്കാൻ ബോട്ടുടമകളുടെ തീരുമാനം

കൊച്ചി: ചെറുമീനുകളെ പിടിക്കുന്നുവെന്ന പേരിൽ ബോട്ടുകളിൽനിന്ന് ഭീമമായ തുക പിഴ ഈടാക്കുന്ന സർക്കാർ നയത്തിനെതിരെ അനിശ്ചിത കാലത്തേക്ക് മത്സ്യബന്ധനം നിർത്തിവെക്കാൻ അഖില കേരള ഫിഷിങ് ബോട്ട് ഓപേററ്റേഴ്സ് അസോസിയേഷൻ തീരുമാനം. അസോസിയേഷന് കീഴിലെ 3800 മത്സ്യബന്ധന ബോട്ടുകൾ 15 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. ബോട്ടിലെ ചെറുമീനുകളുടെ അളവ് സംബന്ധിച്ച നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തയാറാകണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒരു വർഷത്തിലേറെയായി ചെറുമീനുകളെ പിടിക്കുന്നതായി ആരോപിച്ച് വൻ തുക പിഴ ഈടാക്കുകയാണ്. ചെറുതും വലുതുമായ മത്സ്യങ്ങൾ ഫിഷറീസ് ഉദ്യോഗസ്ഥർ തോന്നുന്ന വിലയ്ക്ക് സർക്കാറിലേക്ക് മുതൽക്കൂട്ടുകയാണ്. പിടിച്ചുകൊണ്ടുവരുന്നവയിൽ 50 ശതമാനത്തിലേറെ ചെറുമത്സ്യങ്ങളുണ്ടെങ്കിൽ പിഴയോ നിയമ നടപടിയോ സ്വീകരിക്കണമെന്നായിരുന്നു സെൻട്രൽ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ) 2014ൽ ശിപാർശ ചെയ്തത്. എന്നാൽ, 2016ൽ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവന്നപ്പോൾ 'ചെറിയ മത്സ്യങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ' എന്ന് മാറ്റി. നിയമ ഭേദഗതി വേണമെന്ന് അന്നുമുതൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ തയാറായിട്ടില്ല. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിശോധിക്കാതെയാണ് സർക്കാർ നിയമം നടപ്പാക്കുന്നത്. ചെറുമത്സ്യങ്ങളുടെ കാര്യത്തിൽ നിയന്ത്രണമില്ലാത്ത കർണാടക, ഗോവ, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള ബോട്ടുകൾ യഥേഷ്ടം മത്സ്യബന്ധനം നടത്തുന്നുണ്ട്. ഏകപക്ഷീയമായി നിയമം നടപ്പാക്കിയത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി. കടലുമായി ബന്ധപ്പെട്ട ഒമ്പത് സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കിയെങ്കിൽ മാത്രമേ വിഷയത്തിന് പരിഹാരം കാണാനാകൂവെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പ്രസിഡൻറ് പീറ്റർ മത്തിയാസ്, ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ, ട്രഷറർ കെ.ബി. കാസിം, സെക്രട്ടറി അലോഷ്യസ് യോഹന്നാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.