പറവൂർ^-എറണാകുളം റൂട്ടിലെ ഫെയർസ്​റ്റേജ് അപാകതക്ക്​ അറുതിയാകുന്നു

പറവൂർ-എറണാകുളം റൂട്ടിലെ ഫെയർസ്റ്റേജ് അപാകതക്ക് അറുതിയാകുന്നു പറവൂർ: ഏറെ വിവാദങ്ങൾക്കും നിയമയുദ്ധത്തിനും ഇടയാക്കിയ പറവൂർ--എറണാകുളം റൂട്ടിലെ ബസ് യാത്രനിരക്ക് അപാകതക്ക് അറുതിയാകുന്നു. റൂട്ടിലെ ഫെയർസ്റ്റേജ് പ്രശ്നം പരിഹരിക്കാൻ റോഡ് ട്രാൻസ്പോർട്ട് അധികൃതര്‍ എടുത്ത തീരുമാനം നടപ്പാക്കാൻ ഹൈകോടതി ഉത്തരവിട്ടതോടെയാണ് വർഷങ്ങളായുള്ള യാത്രക്കാരുടെ ആവശ്യം യാഥാർഥ്യമാകുന്നത്. മഞ്ഞുമ്മൽ കവല പോയൻറ് ഒഴിവാക്കി ആർ.ടി.എ ബോർഡ് യോഗം ചേർന്ന് ഫെയർസ്റ്റേജ് പുതുക്കി നിശ്ചയിച്ചിരുന്നു. ഇതിനെതിരെ ചില ബസുടമകൾ ഹൈകോടതിയിൽ ഹരജി നൽകിയതിനാൽ നടപ്പാക്കാനായില്ല. ബസുടമകളുടെ ഹരജി തള്ളിയാണ് അധികൃതരുടെ തീരുമാനം നടപ്പാക്കാൻ കോടതി ഉത്തരവിട്ടത്. ആറു കി.മീറ്ററിനിടെ നാല് ഫെയർസ്റ്റേജ് പോയൻറ് ഉൾപ്പെടുത്തിയതാണ് വിവാദത്തിന് തിരികൊളുത്തിയത്. ദേശീയപാത 17ൽ തിരുമുപ്പം മുതൽ തൈക്കാവ് വരെയുള്ള ഭാഗത്താണ് അപാകത. ഒരുപോയൻറിൽനിന്ന് അടുത്തതിലേക്ക് ഉണ്ടാകേണ്ട ദൂരം രണ്ടര മുതൽ മൂന്ന് കി.മീറ്ററാണ്. എന്നാൽ, തിരുമുപ്പം മുതൽ എസ്.എൻ.ഡി.പി വരെ രണ്ട് കി.മീറ്ററാണ്. അടുത്ത പോയൻറായ മഞ്ഞുമ്മൽകവല വരെ മൂന്നു കി.മീറ്ററുണ്ടെങ്കിലും അവിടെനിന്ന് തൈക്കാവ് വരെ ഒരുകി.മീറ്റർപോലുമില്ല. ഫെയർസ്റ്റേജിലെ അപാകതമൂലം യാത്രക്കാർ കൂടുതൽ തുക നൽകാൻ നിർബന്ധിതരായി. കെ.എസ്.ആർ.ടി.സി ബസുകൾ മഞ്ഞുമ്മൽ കവല ഒഴിവാക്കിയും സ്വകാര്യബസുകൾ മഞ്ഞുമ്മൽ കവല കണക്കാക്കിയും പണം ഈടാക്കിയതോടെ രണ്ടുതരം യാത്ര നിരക്കായി. ഇതിനിടെ ആർ.ടി.എയുടെ നടപടി ചോദ്യം ചെയ്ത് സ്വകാര്യബസ് ഉടമകൾ ഹൈകോടതിയെ സമീപിച്ചു. വർഷങ്ങൾ നീണ്ട കേസാണ് കഴിഞ്ഞദിവസം ഹൈകോടതി തീർപ്പാക്കിയത്. എത്രയും വേഗം വിധി നടപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.